| Wednesday, 4th August 2021, 2:59 pm

പ്രേമചന്ദ്രന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു; ആര്‍.എസ്.പിയില്‍ കൂട്ടരാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ആര്‍.എസ്.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. 21 അംഗ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നാല് സെക്രട്ടറിയറ്റ് അംഗങ്ങളടക്കം 11 നേതാക്കള്‍ പാര്‍ട്ടി വിട്ടതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു. കഴിഞ്ഞ ആറ് മാസമായി പാര്‍ടി നിര്‍ജീവമാണെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

ആര്‍.എസ്.പി ജില്ല അസി. സെക്രട്ടറിയും ആര്‍.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കരീം ചന്തേര, ബെന്നി നാഗമറ്റം, എ.വി അശോകന്‍, ഉബൈദുള്ള കടവത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചീമേനി, ടി.കെ മുസ്തഫ, സീനത്ത് സതീശന്‍, മുഹമ്മദലി കൊളവയല്‍, ടി.കെ കുഞ്ഞഹമ്മദ്, ഒ.ടി ലത്തീഫ്, മോഹനന്‍ ചുണ്ടംകുളം എന്നിവരാണ് രാജി പ്രഖ്യാപനവുമായി വാര്‍ത്താസമ്മേളനം നടത്തിയത്.

സീനത്ത് സതീശന്‍ ഐക്യ മഹിളാ സംഘം ജില്ലാ പ്രസിഡന്റാണ്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പാര്‍ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു.

‘ഷിബു ബേബിജോണ്‍ നിഷ്‌ക്രിയമായി. ചവറ നിയമസഭാ മണ്ഡലത്തില്‍ ഷിബു ബേബിജോണിനെ പരാജയപ്പെടുത്തിയ പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും നേതൃത്വത്തിന് കെല്‍പില്ല,’ നേതാക്കള്‍ പറഞ്ഞു.

ആര്‍.എസ്.പിയുടെ നിലനില്‍പ് പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പാര്‍ടി വിടുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പേര്‍ ആര്‍.എസ്.പി വിടുമെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു.

അതേസമയം യു.ഡി.എഫില്‍ തുടരുന്നതില്‍ ആര്‍.എസ്.പിയ്ക്കുള്ളില്‍ അതൃപ്തിയുണ്ട്. എന്നാല്‍ ഇടതുമുന്നണിയുമായി സഹകരണത്തിന് എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം തീരെ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംതവണയും സമ്പൂര്‍ണ പരാജയമായതോടെയാണ് യു.ഡി.എഫ് വിടണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായത്. എല്‍.ഡി.എഫ് വിട്ട് വന്ന ശേഷം ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാന്‍ ആര്‍.എസ്.പിക്ക് കഴിഞ്ഞിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം നാമമാത്രം. ശക്തി കേന്ദ്രമായ ചവറയില്‍ പോലും ഇത്തവണ തോറ്റു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണടക്കം നേതാക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSP Kasarkod Leaders Resign

We use cookies to give you the best possible experience. Learn more