ന്യൂദല്‍ഹി: കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന് ആര്‍.എസ്.പി. ഇക്കാര്യം ആര്‍.എസ്.പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിച്ചു. കയ്പമംഗലം നല്‍കാമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ആര്‍.എസ്.പി തള്ളി.
നേരത്തെ അരൂര്‍ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. മുഖ്യമന്ത്രി ആര്‍.എസ്.പി നേതൃത്വത്തെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് പ്രതാപന്‍ മല്‍സരിക്കുമെന്ന് കരുതിയിരുന്ന തൃശൂര്‍ ജില്ലയിലെ കയ്പമംഗലം മണ്ഡലം ആര്‍.എസ്.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ആര്‍.എസ്.പി നേതൃത്വം മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചത്.
കയ്പമംഗലം ആര്‍.എസ്.പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആര്‍.എസ്.പിയുടെ നിലപാട്.
അരൂരില്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്നാവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. ഇതനുസരിച്ച് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
അതിനുശേഷം അരൂര്‍ ഇല്ല എന്നു പറഞ്ഞാല്‍ ആര്‍.എസ്.പിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍.എസ്.പി നേതാക്കള്‍ പറയുന്നു.