മേത്തര്‍ അത് കാശ് കൊടുത്തു വാങ്ങിച്ചു; കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റെന്ന് യു.ഡി.എഫ് ഘടക കക്ഷി ആര്‍.എസ്.പി
Kerala News
മേത്തര്‍ അത് കാശ് കൊടുത്തു വാങ്ങിച്ചു; കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റെന്ന് യു.ഡി.എഫ് ഘടക കക്ഷി ആര്‍.എസ്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 4:37 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് / യായ ആര്‍.എസ.്പി. രാജ്യസഭാ സ്ഥാനര്‍ര്‍ത്ഥി ജെബി മേത്തര്‍ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ആര്‍.വൈ.എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അസീസിന്റെ പ്രതികരണം.

‘ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് വാങ്ങണം എന്ന പേരില്‍ സി.പി.ഐ.എം റഹീമിനെ തെരഞ്ഞെടുത്തു. അപ്പോല്‍ ഇപ്പുറത്ത് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റിനായുള്ള നെട്ടോട്ടമായിരുന്നു. അവസാനം ആര്‍ക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തര്‍ കാശ് കൊടുത്ത് അതങ്ങ് വാങ്ങിച്ചു.

രണ്ട് കാര്യം അതോടെ നേടിയെടുത്തു. ഒന്ന് ചെറുപ്പക്കാരിയായ ഒരു പെണ്ണ്, രണ്ട്, മുസ്‌ലിം സമുദായത്തിലെ ഒരു പെണ്ണ്. അതുവഴി സി.പി.ഐ.എമ്മിനെ കടത്തിവെട്ടുകയാണ് കോണ്‍ഗ്രസ് ചെയ്തത്,’ എ.എ. അസീസ് പറഞ്ഞു.

സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന എ.എ. അസീസ് ആരോപണം തള്ളിക്കളയുന്നതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു.

വെള്ളിയാഴ്ച രാത്രിയോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.

രാജ്യസഭാ സീറ്റിലേക്ക് ഹൈക്കമാന്റ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈക്കമാന്റിന് കെ.പി.സി.സി കൈമാറിയിരുന്നു.

ഇതില്‍ ജെബി മേത്തറിന്റെ പേരിനാണ് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത്. വനിത, യുവ, ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്കുവീണത്. 1980 ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു വിനിതയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്.