| Monday, 6th September 2021, 2:40 pm

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണക്കാരായ നേതാക്കളെ കെ.പി.സി.സി പുനസംഘടനയില്‍ ഒഴിവാക്കുമെന്ന് സുധാകരന്‍; ചര്‍ച്ചയില്‍ സംതൃപ്തിയെന്ന് ആര്‍.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.പിയും കോണ്‍ഗ്രസും തമ്മില്‍ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. എല്ലാ പ്രശ്നങ്ങളിലും താത്വികമായി സംസാരിച്ച് ഏകീകരിച്ച അഭിപ്രായത്തിലേക്ക് എത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ആര്‍.എസ്.പി ഉന്നയിച്ച പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

”തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ച, ചിന്തിച്ച നേതാക്കള്‍ക്കെതിരെ വരെ നടപടിയുണ്ടാകും.

തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു നേതാവിന്റെ പങ്കാളിത്തം പരാജയത്തിന് കാരണമായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായിരിക്കും. വരുന്ന കെ.പി.സി.സി പുനസംഘടനയില്‍ അത്തരം നേതാക്കള്‍ക്ക് ഒരു പദവിയും നല്‍കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്,” സുധാകരന്‍ പറഞ്ഞു.

ആര്‍.എസ്.പിയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. ഇനിയും ഉണ്ടാകാന്‍ പോകുന്നുമില്ല. അത് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയില്‍ അനുനയ ശ്രമങ്ങള്‍ നേതൃത്വം തുടരുകയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.സുധാകരനും വി.ഡി. സതീശനും കൂടിക്കാഴ്ച്ച നടത്തുകയാണ്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭാവനില്‍ ആണ് കൂടിക്കാഴ്ച്ച.

യു.ഡി.എഫിന്റെ പ്രവര്‍ത്തനത്തില്‍ സമൂലമായ മാറ്റത്തിന് കോണ്‍ഗ്രസ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ കാര്യക്ഷമതയോടു കൂടി യു.ഡി.എഫ് സംവിധാനം ശക്തമാക്കാനുള്ള സംവിധാനത്തെക്കുറിച്ച് കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ച നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞഉ.

ആര്‍.എസ്.പി മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും, പരസ്പരം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.

ആര്‍.എസ്.പി യു.ഡി.എഫുമായി ഹൃദയബന്ധമുള്ള പ്രസ്ഥാനമാണ്. ആ ബന്ധം ഇനിയും മുന്നോട്ടും പോകും. ചവറയിലെ തോല്‍വി ചര്‍ച്ചയായില്ല. കോണ്‍ഗ്രസിനുള്ളിലുണ്ടാകുന്ന പ്രശ്നങ്ങളിലുള്ള പ്രയാസമാണ് ഘടകകക്ഷികള്‍ പ്രകടിപ്പിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്ന് ആര്‍.എസ്.പി പ്രതികരിച്ചു. പഞ്ചായത്തുകളുലെ ധാരണ പാലിക്കണമെന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനോട് ആര്‍.എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണസംതൃപ്തരാണ്. ആര്‍.എസ്.പി പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. അതിലെല്ലാം ഉചിതമായ നടപടി എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം എന്ന നിലയില്‍ യു.ഡി.എഫ് ശക്തിപ്പെടുത്താനുള്ള നടപടികളുമായി ആര്‍.എസ്.പി മുന്നോട്ടു പോകും, സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSP-Congress meeting K Sudhakaran Comment

We use cookies to give you the best possible experience. Learn more