കൊല്ലം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.ഐ.എം കണ്ണൂര്‍ കോര്‍പ്പറേറ്റ് കമ്പനിയാണെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ അസീസ്.
ആര്‍.എസ്.പി നാലഞ്ചുപേരുടെ കറക്കു കമ്പനിയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അസീസ്.
തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സി.പി.ഐ.എമ്മിനെ അസീസ് രൂക്ഷമായി വിമര്‍ശിച്ചത്.
പാര്‍ട്ടിയില്‍നിന്ന് ആളുകളെ പിളര്‍ത്തുമെന്ന സി.പി.ഐ.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ആര്‍.എസ്.പി നേതൃത്വം അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കൊല്ലത്തുനിന്ന് ഒരു സീറ്റുപോലും ലഭിക്കില്ല. ആര്‍.എസ്.പിയില്‍ നിന്നു പോയവരെ സ്വീകരിക്കാന്‍ പിബി അംഗമെത്തുന്നത് സി.പി.ഐ.എമ്മിന്റെ ഗതികേടിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിഷ്പ്രഭനാക്കി ഇതര പി.ബി അംഗങ്ങളെയും പ്രതിപക്ഷ നേതാവിനെയും കാഴ്ചക്കാരാക്കി സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന പിണറായിയുടെ നയപ്രഖ്യാപനം സി.പി.എമ്മില്‍ പുതിയ പ്രതിഭാസമാണെന്നും ആര്‍.എസ്.പി കുറ്റപ്പെടുത്തി.
ഇടതുമുന്നണി വിട്ട ആര്‍.എസ്.പിയെ പിളര്‍ത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പ്രാദേശിക നേതാക്കളെ പിണറായിയുടെ നേതൃത്വത്തില്‍ പ്രലോഭിപ്പിച്ച് സി.പി.ഐ.എമ്മിലേക്ക് ക്ഷണിക്കുന്നതെന്നും ആര്‍.എസ്.പി നേതാക്കള്‍ ആരോപിച്ചു.
കൂടുതല്‍ ആളുകള്‍ ആര്‍എസ്പി വിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞിരുന്നു. സിപിഎമ്മിലേക്കു വരുന്നവരെ സ്വാഗതം ചെയ്യുമെന്നും രണ്ടു മൂന്നുപേര്‍ ചേര്‍ന്നുളള കറക്കുകമ്പനിയായി ആര്‍എസ്പി മാറിയെന്നും പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞിരുന്നു.