ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനത്തിലേക്ക്, ചാരിതാര്‍ഥ്യവുമായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍
Pravasi
ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനത്തിലേക്ക്, ചാരിതാര്‍ഥ്യവുമായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2013, 10:58 am

[]മക്ക : സേവന വീഥിയില്‍ മറക്കാനാവാത്ത അനുഭവങ്ങളാണ് ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് പറയാനുള്ളത്. ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ മിനായിലെ രാപാര്‍ക്കല്‍ കര്‍മ്മത്തില്‍ പ്രാര്‍ഥിച്ചും പാശ്ത്താപിച്ചും മുഴുകിയ ഹാജിമാരെ സേവിക്കുന്നതിന് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ശ്രദ്ധ ചെലുത്തി.

മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച കല്ലുകളുമായി ജംറത്തുല്‍ അഖ്ബയില്‍ എത്തിയ ഹാജിമാര്‍ എറിയല്‍ കര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷം മിനായിലെ തമ്പുകളിലേക്ക് നീങ്ങി.

വിശുദ്ധ ഹറമില്‍ നിന്നും ജംറകളില്‍ നിന്നും വരുന്ന ഹാജിമാര്‍ കൂട്ടം തെറ്റിപ്പോവുന്നത് സാധാരണയാണ്. അവരെ അതാത് തമ്പുകളില്‍ എത്തിക്കുന്നതിന് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ മുന്നിലുണ്ടായിരുന്നു.

വൃദ്ധര്‍, ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍, ഉറ്റവരെ അന്വേഷിച്ച് നടക്കുന്നവര്‍, വഴിതെറ്റിയവര്‍, രോഗികള്‍ എന്നിങ്ങനെ വളണ്ടിയര്‍മാരുടെ സേവനം ലഭിച്ചവര്‍ നിരവധിയാണ്.

സൗദിയുടെ വിദൂര ദിക്കുകളില്‍ നിന്ന് നാഥന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സേവനത്തിനിറങ്ങിയ ആര്‍ എസ് സി വളണ്ടിയര്‍മാര്‍ വളരെ ഉത്സാഹത്തോടെയാണ് ഹാജിമാരുടെ കാര്യങ്ങളില്‍ ഇടപ്പെട്ടത്.

മുസ്ദലിഫ, കുവൈത്തി മസ്ജിദ്, ഹജ്ജ് മിഷന്‍, ആശുപത്രികള്‍, ജംറകള്‍, മിനായിലെ റോഡുകള്‍, പാലങ്ങള്‍ എന്നിവടങ്ങളിലെല്ലാം ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ സേവന സന്നദ്ധരായി രംഗത്തുണ്ടായി.

മരണ വെപ്രാളത്തില്‍ റോഡരികില്‍ കിടന്നു പിടയുകയായിരുന്ന വൃദ്ധ പാകിസ്ഥാനി ഹാജിയെ ആശ്വസിപ്പിക്കുന്നതിനും, കലിമ ശഹാദ ചൊല്ലിക്കൊടുക്കുന്നതിനും ജിദ്ദയില്‍ നിന്നും വന്ന അബൂബക്കര്‍ സഅദിക്കാണ് നിയോഗമുണ്ടായത്.

നിസ്സഹായരായി ആളുകള്‍ ചുറ്റും കൂടി നില്‍ക്കെ, സഅദി ധൈര്യ സമേതം ഹാജിക്കരികിലേക്ക് ചെന്ന് സമാധാനിപ്പിക്കുകയും പോലീസ് സഹായത്താല്‍ ആംബുലന്‍സിലേക്ക്  മാറ്റുകയും ചെയ്തു.

ഹാജിമാര്‍ ആവശ്യങ്ങള്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാരെ പ്രത്യേകം അന്വേഷിക്കുന്നത് പ്രവര്‍ത്തകരുടെ  ആത്മാര്‍ഥ സേവനത്തിന് അംഗീകാരമായി. സൂഖുല്‍ ഹര്‍ബില്‍ വഴി തെറ്റിയലഞ്ഞ മലയാളി വൃദ്ധ ദമ്പതിമാര്‍ക്ക് അഹ്മദ് കോഡൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുണയായത്.

അറഫയും, ജംറത്തുല്‍ അഖബയിലെ ഏറും കഴിഞ്ഞ് തമ്പിലേക്ക് തിരിച്ചെങ്കിലും വഴി തെറ്റി മണിക്കൂറുകളോളം അലഞ്ഞു. തിക്കിലും തിരക്കിലും പെട്ട് അവശരായ ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി തമ്പിലെത്തിച്ചെപ്പോള്‍ നിറഞ്ഞ മനസ്സോടെ കണ്ണുനിറച്ച് “കാന്തപുരം ഉസ്താദിന്റെ” കുട്ടികള്‍ക്ക് പ്രാര്‍ഥിച്ച് പിരിഞ്ഞു.

കേരള സര്‍ക്കാര്‍ ഹജ്ജ് സംഘത്തില്‍ വന്ന കൊച്ചി അരുവിക്കരയില്‍ നിന്നലുള്ള വൃദ്ധ ഹാജിയും മകനും അറഫ കഴിഞ്ഞ് ഒരു ദിവസം മുഴുവനും വഴി തെറ്റിയലഞ്ഞു. ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മിനയിലേക്കും, ജംറയിലേക്കും എത്തിക്കാമെന്ന് പറഞ്ഞ് ടാക്‌സിക്കാരന്‍ 80 റിയാല്‍ വാങ്ങി ഏതോ ഒരു പാലത്തിന് താഴെ ഇറക്കിവിട്ടു.

നൂറുദ്ധീന്‍ ചേര്‍പ്പിന്റെ നേതൃത്വത്തിലുള്ള ആര്‍ എസ് സി വളണ്ടിയര്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ട ഇവര്‍ക്ക് ആരാധന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും, സുരക്ഷിതമായി മിനായിലെ തമ്പില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തകര്‍ സഹായിച്ചു.  പ്രവര്‍ത്തകരെ ആശ്ലേഷിച്ചും, തൊണ്ടയിടറി പ്രാര്‍ഥിച്ചും യാത്രയാക്കി.

മിനയില്‍ പ്രാര്‍ഥനാ നിരതനായ പാകിസ്ഥാനി ഹാജിയുടെ ബാഗും പണവും തട്ടിയെടുത്തു ഓടിയ രണ്ട് ചെറുപ്പക്കാരെ ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഓടിച്ചു പിടിച്ചു, സാധനങ്ങള്‍ തിരിച്ചു നല്‍കി. ആഫ്രിക്കന്‍ വംശജരായ കള്ളന്‍മാര്‍ ഹാജിയെ ചുറ്റിപറ്റി നില്‍ക്കുന്നത് പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു.

പരിശുദ്ധ മക്കയില്‍ സേവന നിരതരായ ആര്‍ എസ് സി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്ന ഹാജിമാരെ കൈ മെയ് മറന്ന് സഹായിക്കുന്നു.

സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്ന ഹാജിമാരുടെ ആത്മാര്‍ഥ പ്രാര്‍ഥനയും അനുഗ്രഹവും പ്രത്യേക അനുഭൂതിയാണ് സമ്മാനിക്കുന്നതെന്ന് ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇഹ്തിശാം തലശ്ശേരി, മുനീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പറഞ്ഞു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ സേവന വിഭാഗമായ കെയര്‍ & ഷെയര്‍ സമിതിയാണ് ഹജ്ജ് സേവനത്തിനും നേതൃത്വം നല്‍കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രവര്‍ത്തകരെയാണ് ഹജ്ജ് സേവനത്തിന് സംഘടന എത്തിച്ചത്.