സാമൂഹിക ജാഗ്രതക്കായി ആര്‍.എസ്.സി ഉണര്‍ത്തു സമ്മേളനങ്ങള്‍
Pravasi
സാമൂഹിക ജാഗ്രതക്കായി ആര്‍.എസ്.സി ഉണര്‍ത്തു സമ്മേളനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 8:27 am

ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സാമൂഹിക, ജീവിത സുരക്ഷിതത്വത്തിന്റ സന്ദേശങ്ങളെത്തിക്കാനായി രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇയില്‍ 150 ഉണര്‍ത്തുസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സാമ്പത്തിക ഭദ്രത, ലഹരി മുക്തജീവിതം, നല്ല സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക വ്യക്തിത്വം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനായാണ് ഈ കാംപയിന്‍ കൊണ് ലക്ഷ്യമിടുന്നത്.
“പ്രലോഭനങ്ങളെ അതിജയിക്കണം” എന്ന പേരിലുള്ള  കാമ്പയിന്‍ പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ലക്ഷ്യം വെയ്ക്കുന്നതായും ആര്‍ എസ് സി യു എ ഇ നാഷനല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള സമയത്ത് നാഷണല്‍, സോണ്‍, സെക്ടര്‍, യൂണിറ്റ് ഘടകങ്ങളിലായി വിവിധ ബോധവത്കരണ പരിപാടികള്‍ക്കു ശേഷമാണ് സെപ്തംബര്‍ മാസത്തില്‍ പ്രാദേശിക തലത്തില്‍ ഉണര്‍ത്തു സമ്മേളനങ്ങള്‍ നടത്തുക. ഗള്‍ഫില്‍ 500 ഉണര്‍ത്തു സമ്മേളനങ്ങള്‍ നടത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.

ജീവിതം സാധിച്ചെടുക്കാനായി വിദേശ രാജ്യത്തെത്തുന്ന ഇന്ത്യക്കാരില്‍, വിശിഷ്യാ മലയാളികള്‍ക്കിടയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥകളും സാമൂഹിക പ്രശ്‌നങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനിയന്ത്രിതമായ ജീവിതങ്ങള്‍ ആത്മഹത്യകളിലേക്കു നയിക്കുന്ന വാര്‍ത്തകള്‍ കൂടി വരുന്ന പശ്ചാത്തലത്തലത്തിലാണ് സംഘടന ബോധവത്കരണം ഏറ്റെടുക്കുന്നത്. ബേങ്ക് വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ആഢംബരങ്ങള്‍, വീട്, വാഹനം, ലാഭക്കണക്കുകള്‍ നിരത്തുന്ന ബിസിനസ്, ഊഹക്കച്ചവട സംരംഭങ്ങള്‍, ലഹരി, അവിഹിത ബന്ധങ്ങള്‍ തുടങ്ങി ചുറ്റുപാടുകള്‍ പ്രലോഭനം സൃഷ്ടിക്കുമ്പോള്‍ അവയെ അതിജയിക്കാനുള്ള കരുത്തുണ്ടാകണമെന്ന സന്ദേശമാണ് കാമ്പയിനിലൂടെ സംഘടന സമൂഹത്തോടു പറയുന്നത്.

വിചാര സദസ്‌,  ജാഗ്രതാ സമിതി രൂപവ്തകരണം, അക്കാദമിക് സെമിനാര്‍, ജാഗ്രതാസംഗമം, ചിന്താശിബിരം, ജനസമ്പര്‍ക്കം, സേവന പ്രവര്‍ത്തനങ്ങള്‍, സ്‌നേഹശൃംഖല, ഉണര്‍ത്തുസഭ, കുട്ടികളുടെ സംഗമം, പഠനക്യാമ്പുകള്‍, ലഘുലേഖസി ഡി വിതരണം, പ്രദര്‍ശനം, ഓണ്‍ലൈന്‍ പ്രചാരണം, ഡോക്യുമെന്ററി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ഉണര്‍ത്തുകാലം എന്നറിയപ്പെടുന്ന കാമ്പയിന്‍കാലത്ത് സാമൂഹിക, കാരുണ്യ സേവനത്തിനായി “സ്‌നേഹസംഘം” എന്ന പേരില്‍ പ്രത്യേക സന്നദ്ധ വിഭാഗത്തിന് രൂപം നല്‍കും. ഉണര്‍ത്തുകാലം മുന്നോട്ടു വെക്കുന്ന സന്ദേശം സമൂഹത്തെ അറിയിക്കുന്നതിനൊപ്പം ഈ ആശയം ജീവിതത്തില്‍ പ്രതിഫലിക്കുന്ന ജീവിത സംസ്‌കാരം പ്രവര്‍ത്തകര്‍ക്കിടയില്‍ സൃഷ്ടിക്കുക ലക്ഷ്യംവെച്ച് പഠന പരിശീലന പരിപാടികള്‍ നിരന്തരമായി സംഘടിപ്പിക്കും.

കാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ജൂലൈ 13ന് അബൂദാബിയില്‍ നടക്കും.

റസാഖ് മാറഞ്ചേരി, (ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ പ്ലാനിംഗ് ബോഡ് മെമ്പര്‍,) അബ്ദുല്‍ ഹക്കീം എ കെ (ജ. കണ്‍വീനര്‍, ആര്‍ എസ് സി യു എ ഇ,) ഉസ്മാന്‍ കക്കാട് (വൈ. ചെയര്‍മാന്‍),  നസീര്‍ വലിയപറമ്പ് (ട്രഷറര്‍), ഹനീഫ ബാലുശ്ശേരി (പബ്ലിക് റിലേഷന്‍ കണ്‍വീനര്‍) പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.