ആര്‍.എസ്‌.സി ബുക് ടെസ്റ്റ് ഫെബ്രുവരി 7ന്
Pravasi
ആര്‍.എസ്‌.സി ബുക് ടെസ്റ്റ് ഫെബ്രുവരി 7ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2014, 10:03 am

[]റിയാദ് : റബീഉല്‍ അവ്വലില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ (ബുക് ടെസ്റ്റ്) ഫെബ്രുവരി ഏഴിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ നടക്കും.

പ്രവാചകരെക്കുറിച്ചുള്ള കൃതികള്‍ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും നടക്കുന്ന പരീക്ഷയില്‍ ഈ  വര്‍ഷം ഐ പി ബി പ്രസിദ്ധീകരിച്ച കോടമ്പുഴ ബാവ മുസ്ലിയാരുടെ “കാത്തിരുന്ന പ്രവാചകന്‍” എന്ന പുസ്തകമാണ് അവലംബമാക്കുന്നത്.

ഗള്‍ഫില്‍ 25,000 പുസ്തകങ്ങള്‍ പ്രത്യേകം അച്ചടിച്ച് അനുവാചകര്‍ക്കിടയില്‍ വിതരണം ചെയ്താണ് പരീക്ഷ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍, പുസ്തകത്തിനൊപ്പം വിതരണം ചെയ്യുന്ന ചോദ്യാവലിക്ക്് ഉത്തരമെഴുതിയവരില്‍ മികവു പുലര്‍ത്തിയവരെ പങ്കെടുപ്പിച്ചാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക.

തിരുനബിയെ കൂടുതല്‍ വായിക്കാനും പ്രവാചകരുടെ സാംസ്‌കാരിക സന്ദേശം  അറിയാനും പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കുന്നതിനാണ് കൃതികളെ അടിസ്ഥാനമാക്കി പരീക്ഷ സംഘടിപ്പിക്കുന്നതെന്ന് ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ ബുക് ടെസ്റ്റ് കണ്ട്രോളര്‍ ജാബിറലി പത്തനാപുരം അറിയിച്ചു.

സൗദി അറേബ്യയിലും പുസ്തക വിതരണം നടന്നുകൊണ്ടിരിക്കുന്നു.

എണ്‍പത്തിയഞ്ചു കേന്ദ്രങ്ങള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടാം ഘട്ട പരീക്ഷക്കായി സജ്ജമാക്കിയിട്ടുണ്ട്. പുസ്തകങ്ങളും ചോദ്യാവലിയും ലഭിക്കുന്നതിന് 050 5644970 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിജയികള്‍ക്ക് ജി സി സി, നാഷണല്‍ തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഗള്‍ഫ് തലത്തില്‍  പ്രവര്‍ത്തിക്കുന്ന കണ്ട്രോളറുടെ നേതൃത്വത്തില്‍ നാഷണലുകളില്‍ ചീഫുമാരും സോണ്‍, സെക്ടര്‍ ഘടകങ്ങളില്‍  കോഡിനേറ്റര്‍മാരുമാണ് പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.