| Saturday, 2nd December 2023, 2:30 pm

മമ്മൂട്ടി എന്നോട് പറഞ്ഞ ആ വാക്കാണ് എനിക്ക് ശക്തി പകർന്നത്: ആർ.എസ്. പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതലിൽ മമ്മൂട്ടിയുടേയും ജ്യോതികയുടെയും കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ആർ. എസ്. പണിക്കർ. തന്റെ ആദ്യ ചിത്രം തന്നെ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അദ്ദേഹം. സെറ്റിൽ താൻ സീനിയർ ആയതുകൊണ്ട് ആദരവും ബഹുമാനവും ഉണ്ടായിരുന്നെന്ന് പണിക്കർ പറഞ്ഞു. മമ്മൂട്ടിയുടെ അടുത്ത് ആദ്യമായി കാണാൻ പോയപ്പോൾ മുൻപരിചയമുള്ള ഒരാളെപോലെയാണ് സംസാരിച്ചതെന്നും പണിക്കർ പറയുന്നുണ്ട്.

‘എനിക്ക് വലിയൊരു ആത്മവിശ്വാസം നല്‍കിയ കൂടിക്കാഴ്ചയായിരുന്നു അത്. 26ാം തിയതിയാണ് ഞാന്‍ ലൊക്കേഷനില്‍ എത്തുന്നത്. ജിയോ ബേബിയും ആദര്‍ശും പോള്‍സണുമൊക്കെ അവിടെ ഉണ്ടായിരുന്നു. ബാക്കിയുള്ള ടെക്നീഷ്യന്‍മാരേയും ആര്‍ടിസ്റ്റുകളേയുമെല്ലാം അവര്‍ എനിക്ക് പരിചയപ്പെടുത്തി തന്നു.

ഞാനൊരു സീനിയര്‍മാന്‍ ആണല്ലോ. അതിന്റെ എല്ലാ ആദരവും കണ്‍സിഡറേഷനുമെല്ലാം അവര്‍ എനിക്ക് തന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്നോട് മേക്കപ്പ് ചെയ്യണമെന്ന് പറഞ്ഞു. തിരിച്ച് അതുപോലെ മേക്കപ്പ് ചെയ്ത് ഞാന്‍ അവിടെ വന്നിരുന്നു. ടേക്കിനുള്ള സമയമായപ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹം വന്നു. അദ്ദേഹത്തിന് ചുറ്റും ആളുകളുണ്ടാകുമല്ലോ. ഡയറക്ടറുമായും തിരക്കഥാകൃത്തുക്കളുമായിട്ടൊക്കെ സംസാരിക്കുകയാണ് അദ്ദേഹം.

ഞാന്‍ അദ്ദേഹത്തെ ഒരു വിസ്മയത്തോടെ ഇങ്ങനെ നോക്കുകയാണ്. കാരണം ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ അടുത്ത് കാണുന്നത്. അങ്ങനെ ഒന്ന് ആളുകള്‍ ഒഴിഞ്ഞപ്പോള്‍ ഞാന്‍ മമ്മൂട്ടിയുടെ അടുത്ത് പോയിട്ട്, ‘ ഞാന്‍ ആര്‍.എസ് പണിക്കര്‍, അങ്ങയുടെ ഒപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഒരു മഹാഭാഗ്യമാണ് ‘ എന്ന് പറഞ്ഞു.

എന്നാല്‍ അദ്ദേഹം എന്നെ ഒരു പരിചിത ഭാവത്തിലാണ് നോക്കുന്നത്. ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞ ഒരു വാചകമാണ് എനിക്ക് ശക്തിപകര്‍ന്നത്. ‘ഞങ്ങള്‍ക്ക് ഒരു ആളിനേയും കിട്ടിയല്ലോ’ എന്നായിരുന്നു ആ മറുപടി. അത് കേട്ടപ്പോള്‍ എനിക്ക് മനസിലായി അദ്ദേഹം എന്നെ പൂര്‍ണമായി സ്വീകരിച്ചിട്ടുണ്ട് എന്ന്. പറയുമ്പോള്‍ എന്റെ മുന്‍കാല അഭിനയശേഷിയൊന്നും അദ്ദേഹത്തിന് അറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് നല്‍കിയ ഒരു ആത്മവിശ്വാസമുണ്ട്,’ ആർ.എസ്. പണിക്കർ പറഞ്ഞു.

ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: RS Panikkar abut his first interaction with mammootty

We use cookies to give you the best possible experience. Learn more