| Tuesday, 30th April 2019, 8:12 am

നാലാംഘട്ട വോട്ടെടുപ്പിനിടെ മാത്രം പിടിച്ചത് 3274 കോടിയുടെ കള്ളപ്പണവും മദ്യവും മയക്കുമരുന്നും; വോട്ടെടുപ്പ് നടന്നത് ഒമ്പതു സംസ്ഥാനങ്ങളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 3274 കോടി രൂപയുടെ കള്ളപ്പണവും അനധികൃത മദ്യവും മയക്കുമരുന്നും. ഇതില്‍ 785.26 കോടി രൂപയാണു പണമായി കണ്ടെത്തിയതെന്ന് കമ്മീഷന്‍ പുറത്തിറക്കിയ ഔദ്യോഗികകുറിപ്പില്‍ പറയുന്നു.

249.038 കോടി രൂപയുടെ മദ്യം, 1214.46 കോടി രൂപയുടെ മയക്കുമരുന്ന്, 972.253 കോടി രൂപയുടെ സ്വര്‍ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയാണു കണ്ടെത്തിയത്.

നാലാംഘട്ട തെരഞ്ഞെടുപ്പിനായി 72 ലോക്‌സഭാ മണ്ഡലങ്ങളിലും ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലുമായി 97 നിരീക്ഷകരെ നിയമിച്ചിരുന്നതായി കമ്മീഷന്‍ വെളിപ്പെടുത്തി. സ്ഥാനാര്‍ഥികളുടെ ചെലവ് വിലയിരുത്തുന്നതിനും കള്ളപ്പണവും അനധികൃത മദ്യവും മയക്കുമരുന്നും പിടികൂടുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇത്തരം പ്രശ്‌നങ്ങളുള്ള മണ്ഡലത്തില്‍ രണ്ട് നിരീക്ഷകരെയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കൂടാതെ, ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങള്‍, വീഡിയോ സര്‍വൈലന്‍സ് സംഘങ്ങള്‍ എന്നിവരെയും എല്ലാ മണ്ഡലങ്ങളിലും നിയോഗിച്ചിരുന്നു.

ബിഹാര്‍, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായാണ് തിങ്കളാഴ്ച നാലാംഘട്ട വോട്ടെടുപ്പ് നടന്നത്. 64.05 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. ഒഡിഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നിരുന്നു.

ഏഴുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മേയ് 19-ന് അവസാനിക്കും. 23-നാണ് ഫലം പുറത്തുവരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more