ന്യൂദല്‍ഹി: 50 കോടി ലഭിച്ചാല്‍ മോദിയെ കൊല്ലാമെന്ന് മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ ശ്രമിച്ച, സേനയില്‍ നിന്ന് പിരിച്ചു വിട്ട തേജ് ബഹാദൂര്‍ യാദവ് പറയുന്ന വീഡിയോ ദൃശ്യം വിവാദമാവുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് തേജ് ബഹാദുര്‍ പറഞ്ഞു. എസ്.പിയുടെ സ്ഥാനാര്‍ഥിയായാണ് ബഹാദൂര്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്.
എന്നാല്‍ വീഡിയോയിലുള്ള വ്യക്തി താനാണെന്ന് സമ്മതിച്ച ബഹാദൂര്‍ താന്‍ ഇങ്ങനെയൊരു കാര്യത്തെ പറ്റി ഒരിക്കലും പറഞ്ഞില്ലെന്നും അത് വ്യാജമാണെന്നും പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2017ല്‍ സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് പരസ്യമായി കുറ്റം പറഞ്ഞതിന് തന്നെ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയതിനെതിരെ ജന്തര്‍ മന്ദിറില്‍ വച്ച് നടത്തിയ ധര്‍ണയ്ക്കിടയില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നും ബഹാദൂര്‍ പറയുന്നു.
‘ഞാന്‍ ആ വീഡിയോ കണ്ടു, എന്റെ സമ്മതമില്ലാതെ 2017ലാണ് ഈ വീഡിയോ ചിത്രീകരിച്ചത്. പട്ടാളക്കാരുടെ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കൊല്ലുന്നതിനെക്കുറിച്ച് ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. ഈ വീഡിയോ വ്യാജമാണ്’- തേജ് ബഹാദൂര്‍ പറയുന്നു.
വീഡിയോ ചിത്രീകരിച്ച പൊലീസുദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് തന്നെ സമീപിച്ചിരുന്നതായും തേജ് ബഹാദുര്‍ പറഞ്ഞു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തു വിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും ബഹാദൂര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നടുക്കം പ്രകടിപ്പിക്കുന്നെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.’സമാജ് വാദി പാര്‍ട്ടിക്കു വേണ്ടി പ്രധാനമന്ത്രിക്കെതിരെ വാരാണസിയില്‍ നിന്നും ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ശ്രമിച്ചയാള്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്’- ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവും പറഞ്ഞു.
രാജ്യത്തിനോട് കൂറ് കാണിക്കാത്തതിനും അഴിമതിക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബഹാദൂറിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഇതിനെതിരെ ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.