ലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍. കര്‍ണാടകയില്‍ നിന്നുള്ള ഗിരിഷ ഹൊസനഗര നാഗരാജ ഗൗഡയാണ് ഹൈജംപില്‍ വെള്ളി നേടിയത്. ഇടങ്കാലിന് വൈകല്യമുള്ള ഗിരിഷ എഫ്42 ഇനത്തില്‍ 1.74 മീറ്റര്‍ പിന്നിട്ടാണ് വെള്ളി സ്വന്തമാക്കിയത്.[]
ഫിജിയുടെ ഇലിയേസ ദെലീന സ്വര്‍ണവും പോളണ്ടിന്റെ ലുകാസ് മംക്രാര്‍സ് വെങ്കലവും നേടി. ഗിരിഷയും ഇലിയേസയും ഒരേ ഉയരമാണ് പിന്നിട്ടതെങ്കിലും കുറഞ്ഞ അവസരങ്ങളില്‍ പിന്നിട്ടതുകൊണ്ടാണ് ഇലിയേസ സ്വര്‍ണം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ ഗിരിഷയ്ക്ക് 30 ലക്ഷം രൂപ കാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ പറഞ്ഞു. ഒളിമ്പിക് ഗെയിമില്‍ മെഡല്‍ നേടിയവര്‍ക്ക് നല്‍കിയ അതേ നിരക്കില്‍ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയവര്‍ക്കും കാഷ് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സ്വര്‍ണത്തിന് 50 ലക്ഷവും വെള്ളിക്ക് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവുമാണ് സമ്മാനിക്കുന്നത്.