ന്യൂദല്‍ഹി: നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്ന് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ തെളിഞ്ഞിരിക്കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുന്നത് ഇപ്പോഴാണ്. ബി.ജെ.പിയിലെ കോടിപതികള്‍ക്ക് വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു.
Also Read രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ബി.ജെ.പി എം.പി സരോജ് പാണ്ഡെ
ബി.ജെ.പി.യും അതിന്റെ സഖ്യകക്ഷികളും ചേര്‍ന്ന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ 14,293.71 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ തുകയാണ് ഇത്. ജനങ്ങളെ വിഡ്ഢികളാക്കി ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് മാറിയെടുത്തത് എന്നായിരുന്നു വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
2000 മുതല്‍ അമിത് ഷാ ഈ ബാങ്കിന്റെ ഭരണത്തലവനാണ്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായ ജയേഷ് ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നോട്ട് മാറിയെടുത്തതില്‍ രണ്ടാമത്. 693.19 കോടി രൂപയാണ് ഈ ബാങ്ക് മാറിയെടുത്തത്.
നോട്ട് നിരോധിച്ചതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.
നവംബര്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ അതിനകം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തിരുന്നു.
മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്. ശരവണവേല്‍ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്.
അതേസമം അമിത് ഷാക്കെതിരായ വാര്‍ത്ത നല്‍കിയ ചില പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം പിന്നീട് വാര്‍ത്ത പിന്‍വലിച്ചിരുന്നു.