| Tuesday, 19th June 2012, 12:28 pm

ആന്റണിയുടെ ഭാര്യയുടെ പെയിന്റിംഗുകള്‍ 28 കോടിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പെയിന്റിംഗുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എലിസബത്തിന്റെ എട്ട് ചിത്രങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയത്.  ചിത്രങ്ങള്‍ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

(പെയിന്റിംഗ് വിവാദം: വാര്‍ത്ത നിഷേധിച്ച്‌ എലിസബത്തും എയര്‍പോര്‍ട്ട് അതോറിറ്റിയും)

ചിത്രത്തിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോ, എലിസബത്തോ തയ്യാറായിട്ടില്ല. ചിത്രങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയതായി എലിസബത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ പറുയന്നു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 28 കോടി രൂപയ്ക്കാണ് ചിത്രം വാങ്ങിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എ.എ.ഐ വാങ്ങിയ പെയിന്റിംഗുകളില്‍ല്‍ രണ്ടെണ്ണം  ഇതിനകം തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2002ല്‍ ലേലം ചെയ്ത തിബ് മെഹ്തയുടെ സെലിബ്രേഷനാണ് ഇന്ത്യന്‍ ചിത്രകലയില്‍ 1.5 കോടി രൂപവില നേടുന്ന ആദ്യ ആധുനിക പെയിന്റിംഗ്.

” എന്റെ പെയിന്റിംഗ് വാങ്ങിയവരെക്കുറിച്ചും എത്രരൂപയ്ക്കാണ് പെയിന്റിംഗ് വിറ്റതെന്നതും വിശദമാക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ” എലിസബത്ത് പറഞ്ഞു. അതേസമയം തന്റെ ചില ചിത്രങ്ങള്‍ എ.എ.ഐ വാങ്ങിയിട്ടുണ്ടെന്ന കാര്യം എലിസബത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. പെയിന്റിംഗുകള്‍ വിറ്റുകിട്ടുന്ന പണം തന്റെ എന്‍.ജി.ഒയായ നവൂതന്‍ ചാരിറ്റബിള്‍ ഫണ്ട് വഴി പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കലാണെന്നാണ് എലിസബത്തിന്റെ അവകാശവാദം. ക്യാന്‍സര്‍ സൊസൈറ്റിക്ക് 3.5 ലക്ഷം രൂപയുടെ ചെക്ക് നല്‍കുന്ന ചിത്രം എലിസബത്ത് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

” ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വിദേശധനമോ സര്‍ക്കാര്‍ സഹായമോ ലഭിച്ചിട്ടില്ല. എന്റെ ചിത്രങ്ങള്‍ വിറ്റാണ് ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നത്” എലിസബത്ത് പറഞ്ഞു.

” നിരവധി ക്യാന്‍സര്‍ രോഗികള്‍ ചികിത്സാ സഹായത്തിനുവേണ്ടി എന്റെ ഭര്‍ത്താവിനെ സമീപിക്കാറുണ്ട്. എല്ലാവരെയും സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല. അതിനാല്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.” അവര്‍ പറഞ്ഞു.

നവംബര്‍ 9 മുതല്‍ ദല്‍ഹിയിലെ ഇന്ത്യ ഹാബിറ്റേറ്റ് സെന്ററില്‍ മൂന്ന് ദിവസം ചിത്രപ്രദര്‍ശനം നടത്തുന്നുണ്ട് എലിസബത്ത്. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിദഗ്ധരുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യം തീരുമാനിക്കൂവെന്നും അവര്‍ പറഞ്ഞു.

ചിത്രകല അക്കാദമിക് പരിശീലനമൊന്നും എലിസബത്ത് നേടിയിട്ടില്ല. ചിത്രരചന തന്റെ ഹോബിയാണെന്നാണ് എലിസബത്ത് പറയുന്നത്.

സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമന്ദിരങ്ങളിലും മോടികൂട്ടാനായി ലക്ഷക്കണക്കിന് രൂപയുടെ കരകൗശല വസ്തുക്കളും പെയിന്റിംഗുകളും വാങ്ങാറുണ്ട്. ഇതില്‍ വന്‍ അഴിമതിയുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇത്തരം കലാസൃഷ്ടികള്‍ക്ക് കൃത്യമായി വിലനിശ്ചയിക്കാന്‍ കഴിയില്ലെന്നതിനാല്‍ അഴിമതി നടത്താന്‍ സൗകര്യം കൂടുതലാണ്. ഈ വാര്‍ത്ത പുറത്തുവരുന്നതോടെ ഈ ആരോപണങ്ങള്‍ ശക്തമാകുകയാണ്.

എലിസബത്തിന്റെ എന്‍.ജി.ഒയ്ക്കാണ് പണം പോകുന്നതെങ്കിലും സ്വകാര്യസംഘടനയായതിനാല്‍ സര്‍ക്കാര്‍ ഓഡിറ്റിംഗില്ല. അതിനാല്‍ തന്നെ പണം എങ്ങിനെ ചിലവഴിക്കുന്നുവെന്നതിനെപ്പറ്റി പൊതുജനത്തിന് അന്വേഷിക്കാനുമാവില്ല.

We use cookies to give you the best possible experience. Learn more