മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോട്ടിലേയ്ക്ക് മാറ്റിയെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെട്ടിവാര്‍.
‘ഞങ്ങള്‍ ഞങ്ങളുടെ എം.എല്‍.എമാരെ എവിടെക്കും മാറ്റിയിട്ടില്ല. എല്ലാ എം.എല്‍.എമാരും അവരവരുടെ സ്ഥലങ്ങളിലാണ്. ചില എം.എല്‍.എമാര്‍ ഏതെങ്കിലും സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാവും.’, വഡെട്ടിവാര്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ 44 എം.എല്‍.എമാരുടെ യോഗം മുംബൈയില്‍ വിളിച്ചിരുന്നു. അതിനു ശേഷമാണ് എം.എല്‍.എമാരെ മാറ്റുന്നു എന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.
അതേസമയം, ശിവസേനയുടെ എം.എല്‍.എമാരെ അടക്കം റാഞ്ചാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി വിജയ് വഡെട്ടിവാര്‍ പറഞ്ഞു. ഓരോ എം.എല്‍.എ മാര്‍ക്കും 25 കോടി മുതല്‍ 50 കോടി വരെയാണ് വാഗ്ദാനം ചെയ്തതെന്നും വഡെട്ടിവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശിവസേനയുടെ എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 50 കോടി വരെയും. ഞങ്ങള്‍ ബി.ജെ.പിയോടു പറഞ്ഞു, ഈ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ജനങ്ങളോട് അറിയിക്കുമെന്നും.’, വഡെട്ടിവാര്‍ കൂട്ടിച്ചേര്‍ത്തു.