കാണ്‍പൂര്‍: സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിലയേറിയ 16 സ്വത്തുവകകളുടെ രേഖകള്‍ കണ്ടെടുത്തു. ഇതില്‍ നാല് സ്വത്തുക്കള്‍ കാണ്‍പൂരിലും ഏഴെണ്ണം കനൗജിലും രണ്ടെണ്ണം മുംബൈയിലും ഒന്ന് ദല്‍ഹിയിലുമാണുള്ളത്.
ദുബായില്‍ രണ്ട് പ്രോപര്‍ട്ടികള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 257 കോടി രൂപയാണ് ജെയിനിന്റെ വീട്ടില്‍ നിന്നും ആകെ കണ്ടെത്തിയത്.
പണത്തിനും സ്വത്തുക്കളുടെ രേഖകള്‍ക്കും പുറമെ കിലോക്കണക്കിന് തൂക്കം വരുന്ന സ്വര്‍ണവും വീട്ടില്‍ നിന്നും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.
കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ ജെയിനിനെ നികുതി വെട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 120 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിനും അന്വേഷണത്തിനുമൊടുവിലായിരുന്നു അറസ്റ്റ്.
ഡിസംബര്‍ 22നായിരുന്നു ആദായ നികുതി വകുപ്പും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സും സംയുക്തമായി ജെയിനിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്.
അലമാരകളില്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ തന്നെ പുറത്തു വന്നിട്ടുണ്ട്.
ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെയും ഗുജറാത്തിലെയും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.