ന്യൂദല്‍ഹി: രാജ്യത്ത് നടപ്പാക്കിയ ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി വിജയത്തിലേക്കെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ടെത്തിയത് 2000 കോടിയുടെ ജി.എസ്.ടി തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭകരില്‍ ആകെ ഒരു ശതമാനം പേര്‍ മാത്രമേ നികുതി അടയ്ക്കുന്നുള്ളു. ഭീമമായ നികുതി തട്ടിപ്പാണ് ഇതിന്റെ മറവില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: ആര്‍ജവത്തോടെ തങ്ങളുടെ അഭിപ്രായം പറഞ്ഞിറങ്ങിപ്പോയവര്‍ക്കൊപ്പം; നടിമാര്‍ക്ക് പിന്തുണയുമായി സി.പി.സി
രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ നല്‍കുന്നതില്‍ വന്‍ വീഴ്ച വരുത്തി. നികുതി സംവിധാനം വന്ന സമയത്ത് ഒരു കോടിയിലധികം സംരംഭകരാണ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് 80 ശതമാനത്തില്‍ കൂടുതല്‍ നികുതിയടയ്ക്കുന്നത്. നികുതിയിളവ് പദ്ധതി പ്രകാരം 1.5 കോടിയില്‍ താഴെ വരുമാനമുള്ള വ്യാപാരികള്‍ക്ക് നികുതി നിരക്ക് കുറച്ചു നല്‍കിയിട്ടുണ്ട്.
അതേസമയം ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ തങ്ങളുടെ വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇത് കൃത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്.
വ്യാജ ഇന്‍വോയ്‌സുകള്‍ തയ്യാറാക്കി ജി.എസ്.ടി റീഫണ്ട് അവകാശപ്പെട്ട് എത്തുന്ന സംരംഭകരും ഇപ്പോള്‍ കൂടി വരികയാണ്. ഇത് കടുത്ത സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്.
2017 ജൂലൈ ഒന്നു മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി രാജ്യത്ത് നടപ്പിലാക്കിയത്. ലോകത്തെ സങ്കീര്‍ണ്ണമായ നികുതിഘടനയാണ് ഇതെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉയര്‍ന്ന നികുതി നിരക്കിന് പുറമേ കൂടുതല്‍ നികുതി നിരക്കുകള്‍ ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ലോകത്തെ 49 രാജ്യങ്ങള്‍ ഒറ്റ സ്ലാബും 28 രാജ്യങ്ങള്‍ രണ്ട് സ്ലാബും ഇന്ത്യയുള്‍പ്പടെ 5 രാജ്യങ്ങള്‍ 4 സ്ലാബുകളുമാണ് ഉപയോഗിക്കുന്നത്.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.