| Friday, 23rd August 2019, 4:35 pm

ഫീല്‍ഡ് പരിശോധന ഉണ്ടാവില്ല; ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അടിയന്തര സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധന നടത്താതെ തന്നെ പതിനായിരം രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ റവന്യു വകുപ്പിന്റെ ശുപാര്‍ശ. ഇതു സംബന്ധിച്ച ഉത്തരവ് നാളെയിറങ്ങും.

ഓണത്തിനു മുമ്പുതന്നെ എല്ലാ കുടുംബങ്ങള്‍ക്കും സഹായം നല്‍കും. സെപ്റ്റംബര്‍ ഏഴിനകം സഹായമെത്തിക്കാനാണ് ശുപാര്‍ശയില്‍ പറയുന്നത്. 1,000 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനും റവന്യു വകുപ്പിന്റെ ശുപാര്‍ശയുണ്ട്.

പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു പതിനായിരം രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഫീല്‍ഡ് പരിശോധന നടത്തി അര്‍ഹത ഉറപ്പാക്കിയ ശേഷം സഹായം നല്‍കിയാല്‍ മതിയെന്നായിരുന്നു യോഗതീരുമാനം.

കഴിഞ്ഞവര്‍ഷം അനര്‍ഹരായ ആയിരക്കണക്കിനാളുകള്‍ പണം കൈപ്പറ്റിയ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ഏറെസമയം വേണ്ടിവരും എന്നതിനാലാണ് ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്.

ഇതുപ്രകാരം സര്‍ക്കാര്‍ ക്യാമ്പുകളിലെത്തിയ 1.11 ലക്ഷം കുടുംബങ്ങള്‍ക്ക് ഉടനടി പതിനായിരം രൂപ വീതം സഹായം ലഭിക്കുമെന്നാണു കരുതുന്നത്. പ്രളയത്തെത്തുടര്‍ന്നു ബന്ധുവീടുകളിലേക്കു മാറുകയോ സര്‍ക്കാര്‍ ക്യാമ്പുകളിലെത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഫീല്‍ഡ് തല പരിശോധന നടത്തിയ ശേഷമാകും സഹായം നല്‍കുക.

48 മണിക്കൂര്‍ വീട്ടില്‍ വെള്ളം കെട്ടിനിന്നവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ട്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഒരു കരട് പട്ടിക തയ്യാറാക്കുകയും പരാതികള്‍ കേട്ടശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതിനു ശേഷമാണ് അടിയന്തര സഹായം നല്‍കുക.

We use cookies to give you the best possible experience. Learn more