Advertisement
national news
സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 17, 06:02 pm
Monday, 17th May 2021, 11:32 pm

ന്യൂദല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദല്‍ഹി പൊലീസ്.

ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.

സുശീല്‍ കുമാറിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ സാഗര്‍കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rs 1 lakh reward for information on wrestler Sushil Kumar