കോഴിക്കോട്: ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ട യുവാവിനെതിരെ അധിക്ഷേപവുമായി ട്രീറ്റ്‌മെന്റ് സെന്ററിലെ ആര്‍.ആര്‍.ടി വളണ്ടിയര്‍. ചെറുവണ്ണൂരിലെ മറീന കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഭവം.
കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലിരുന്ന അന്‍വര്‍ സാദത്ത് എന്ന യുവാവാണ് ട്രീറ്റ്‌മെന്റ് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും നല്‍കുന്ന ഭക്ഷണത്തിലെ ഗുണനിലവാരമില്ലായ്മയും ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പരിശോധനയ്ക്ക് ഡോക്ടര്‍ എത്തുന്നില്ലെന്നും അന്‍വര്‍ പരാതിപ്പെട്ടിരുന്നു. വിഷയം ചര്‍ച്ചയായതോടെ കേസില്‍ ഡെപ്യൂട്ടി കളക്ടര്‍ ഇടപെട്ട് ഡോക്ടറെ മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് കൊവിഡ് രോഗികൂടിയായ അന്‍വറിനെ മാനസിക രോഗിയെന്ന് വിളിച്ച് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ആര്‍.ആര്‍.ടി വളണ്ടിയര്‍ രംഗത്തെത്തുന്നത്.
‘മാനസിക സമ്മര്‍ദ്ദത്തിന് മരുന്നില്ല, വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. മറീന ടീം ഹാപ്പിയാണ്. ആകെപ്പാടെ മാറ്റിയത് മാനസിക രോഗിയെ മാത്രം. കുഴിമന്തി കഴിച്ചു റസ്റ്റ് എടുക്കുക, മനശ്ശാന്തി പെട്ടെന്നുണ്ടാകട്ടെ’, എന്നായിരുന്നു അനീസ് എന്ന ആര്‍.ആര്‍.ടി വളണ്ടിയറുടെ കമന്റ്.
അന്‍വര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് പോന്നതിന് പിന്നാലെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വളണ്ടിയറുടെ കമന്റ്. എന്നാല്‍ തന്നെ പറഞ്ഞയച്ചതല്ലെന്നും അവിടെ തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡോക്ടറോട് തന്റെ മാത്രം ഉറപ്പിലാണ് വീട്ടിലേക്ക് പോന്നതെന്നും അന്‍വര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘സ്വന്തം താത്പര്യത്തില്‍ പോരുന്നതിന് കണ്‍സന്റ് ഫോം ഫില്‍ ചെയ്ത് കൊടുത്തതിനാണ് അവര്‍ എന്നെ പറഞ്ഞു വിട്ടുവെന്ന തരത്തിലും മാനസിക രോഗിയെന്നും വിളിച്ച് അധിക്ഷേപിച്ചത്. എന്റെ ഫേസ്ബുക്ക് ഫ്രണ്ട് പോലുമല്ലാത്തൊരാളാണ് ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ തുടരെ നിരീക്ഷിക്കുന്നത്. ഇപ്പോള്‍ കമന്റിട്ടിരിക്കുന്നതും. എന്നെ അധിക്ഷേപിച്ചതില്‍ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്. ,’ അന്‍വര്‍ പറഞ്ഞു.
പി.പി.ഇ കിറ്റ് ഇട്ട് വരുന്ന ഡോക്ടര്‍ 10 മീറ്റര്‍ അകലെ നിന്ന് എന്താണ് കുഴപ്പമുള്ളതെന്ന് അസുഖമുള്ള ഒരാളുടെയടുത്ത് വിളിച്ച് ചോദിക്കുക മാത്രമാണ് ആദ്യം ചെയ്തിരുന്നതെന്നും അന്‍വര്‍ പറയുന്നു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വന്ന ദിവസങ്ങളില്‍ ശരീര വേദനയുണ്ടായിരുന്നു. ശരീര വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ആന്റി ബയോട്ടിക് ഉണ്ട് അത് കഴിച്ചാല്‍ മതിയെന്നും വളണ്ടിയര്‍മാര്‍ പറഞ്ഞു. അതല്ലാതെ താന്‍ സെന്ററില്‍ നിന്ന് പോരുന്നത് വരെ ഡോക്ടര്‍ നേരിട്ട് അടുത്ത് വന്ന് ചികിത്സയപ്പറ്റി ഒരു കാര്യവും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും അന്‍വര്‍ ആരോപിക്കുന്നു.
അന്‍വറിനെ അധിക്ഷേപിച്ച് വളണ്ടിയര്‍ രംഗത്തെത്തിയ പരാതിയെ തുടര്‍ന്ന് ഡൂള്‍ന്യൂസ് കൊവിഡ് സെന്ററിലെ സത്യാവസ്ഥയറിയുന്നതിനായി ചികിത്സയിലിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നു. അന്‍വറിന്റെ വാദങ്ങളെ ശരിവെക്കുകയായിരുന്നു അദ്ദേഹവും.
രണ്ട് മൂന്ന് ദിവസം ഭക്ഷണം മോശമായിരുന്നെന്നും എന്നാല്‍ ഒരു ദിവസം നല്ല ഭക്ഷണം ലഭിച്ചെന്നും ഇദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതേസമയം വെള്ളിയാഴ്ച കഴിക്കാന്‍ നല്‍കിയ ഭക്ഷത്തിലെ കറിയില്‍ നിന്ന് പ്ലാസ്റ്റിക് വസ്തു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘കൊവിഡ് രോഗികളുടെ ചെലവ് സര്‍ക്കാര്‍ വഹിച്ചിട്ടല്ലേ ഞങ്ങളെ ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ചികിത്സിക്കുന്നത്. എന്നിട്ട് ഇത്രയും മോശം ഭക്ഷണവും സൗകര്യവുമാണ് ഇവിടെയുള്ള രോഗികള്‍ക്ക് നല്‍കുന്നത്. ഞങ്ങള്‍ കുറച്ച് പേര്‍ ഇന്ന് നെഗറ്റീവാകും. ഇനി വരുന്നവര്‍ക്കും പക്ഷെ ഇതേ സാഹചര്യം തന്നെയായിരിക്കില്ലേ അനുഭവിക്കേണ്ടി വരിക,’അദ്ദേഹം പറഞ്ഞു.
പരാതിയെ തുടര്‍ന്ന് കാറ്ററിംഗ് ടീമിനെ മാറ്റിയതായി ഇതേ ആര്‍.ആര്‍.ടി വളണ്ടിയറും ഡെപ്യൂട്ടി കളക്ടറും പറഞ്ഞിരുന്നു. എന്നാല്‍ മാറ്റിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: RRT Volunteer calls covid patient as mental patient