| Thursday, 9th December 2021, 11:42 am

ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് ബ്രഹ്‌മാണ്ഡ ട്രെയ്ലര്‍; രാജമൗലി മാജിക്കില്‍ ആര്‍.ആര്‍.ആര്‍ ട്രെയ്ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ ബ്രഹ്‌മാണ്ഡ ട്രെയ്ലര്‍ പുറത്തുവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട സമ്പന്നമാണ്.

ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ വിഷ്വല്‍ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന.

2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more