| Sunday, 1st November 2020, 8:17 pm

ഭീമിനെ മുസ്‌ലിമായി കാണിക്കുന്ന സീന്‍ ഒഴിവാക്കണം; രാജമൗലിക്കു ഭീഷണിയുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിനെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. തെലങ്കാനയിലെ എം.പിയും ബി.ജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഭീം മുസ്‌ലിമായി എത്തുന്ന സീനിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബര്‍ ആദ്യവാരം ഇറങ്ങിയ ടീസറില്‍ ഭീമിനെ അവതരിപ്പിക്കുന്ന നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍ മുസ്‌ലിങ്ങളുടെ തൊപ്പി ധരിച്ചെത്തുന്ന സീനുണ്ടായിരുന്നു.

‘ ഒരു സെന്‍സേഷനായി രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ബന്ദി സജ്ജയ് ദബ്ബകയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.

സീന്‍ നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നല്‍കി.

ഗോത്ര നേതാവായിരുന്ന കോമരം ഭീമിനെ തെലങ്കാന, ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ ദൈവമായി ആരാധിക്കുന്നുണ്ട്.

നേരത്തെ സമാനമായി ബി.ജെ.പി എം.പിയും ആദിവാസി നേതാവുമായ സോയം ബാപുവും തൊപ്പിയിട്ട സീന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.

കോമരം ഭീമിനെ മുസ്‌ലിമായി അവതരിപ്പിച്ചാല്‍ തിയ്യറ്ററുകള്‍ കത്തിക്കും എന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരമാണ് പുനരാരംഭിച്ചത്.

‘രുധിരം രണം രൗദ്രം’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും ആയി വെള്ളിത്തിരയില്‍ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

ഡി.വി.വി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RRR row over Bheem, Telangana BJP Chief threatens filmmaker SS Rajamouli

We use cookies to give you the best possible experience. Learn more