ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് രാജമൗലിയുടെ ബിഗ്ബജറ്റ് ചിത്രം ആര്‍.ആര്‍.ആറിന്റെ റിലീസ് നീട്ടിവെച്ച് അണിയറപ്രവര്‍ത്തകര്‍. ജനുവരി എഴിനായിരുന്നു ആര്‍.ആര്‍.ആറിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നതോടെയാണ് റിലീസ് നീട്ടി വെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പ്രൊമോഷന്റെ ഭാഗമായി പ്രമുഖതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രാജമൗലിയും, ജൂനിയര്‍ എന്‍.ടി.ആറും, രാംചരണും ഉള്‍പ്പെടുന്ന ആര്‍.ആര്‍.ആര്‍ ടീം സന്ദര്‍ശിച്ചിരുന്നു.
കേരളത്തിലെ പ്രൊമോഷന് ടൊവിനോ തോമസും തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയനുമായിരുന്നു മുഖ്യാഥിതികള്‍. ക്ലാഷ് റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആര്‍.ആര്‍.ആറിനുവേണ്ടി പവന്‍ കല്യാണിന്റെ ഭീംല നായിക്കിന്‍േയും പ്രഭാസിന്റെ രാധേ ശ്യാമിന്റേയും റിലീസ് നീട്ടിവെച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം ഈ സിനിമകളേയും പ്രതിസന്ധിയിലാക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആര്‍.ആര്‍.ആറിന്റെ കേരളത്തിലെ പ്രൊമോഷന്‍ തിരുവനന്തപുരത്ത് നടന്നത്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ആദ്യം തിയേറ്ററില്‍ പോയി കാണുന്നവരില്‍ ഒരാള്‍ താനായിരിക്കുമെന്നാണ് ടൊവിനോ ചടങ്ങില്‍ പറഞ്ഞത്.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ്‌സ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keeping the best interests of all the involved parties in mind, we are forced to postpone our film. Our sincere thanks to all the fans and audience for their unconditional love. #RRRPostponed#RRRMoviepic.twitter.com/CEtoV0vaYi
ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.