ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഒഫീഷ്യല്‍ എന്‍ട്രിയില്‍ നിന്നും രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ആരാധകര്‍. പാന്‍ നളിന്‍ സംവിധാനം ചെയ്ത ചെല്ലോ ഷോയാണ് ഇന്ത്യയില്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്ത ചിത്രം.
ആര്‍.ആര്‍.ആറിന് ഓസ്‌കാര്‍ പുരസ്‌കാരം നേടാന്‍ വലിയ സാധ്യതയാണ് കല്പിക്കപ്പെട്ടിരുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും രാജമൗലിയും ഓസ്‌കാര്‍ പുരസ്‌കാരം പിടിച്ച് നില്‍ക്കുന്ന എഡിറ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ആര്‍.ആര്‍.ആറിനെ തള്ളിയതില്‍ ആരാധകര്‍ അത്ര സന്തുഷ്ടരല്ല. ചിത്രത്തെ തെരഞ്ഞെടുക്കാത്തത് വിശ്വസിക്കാനാവുന്നില്ലെന്നാണ് പല ആരാധകരും ട്വിറ്ററില്‍ കുറിച്ചത്. ഈ വര്‍ഷത്തെ ഓസ്‌കാര്‍ വലിയ വിഡ്ഢിത്തമാണെന്നും പലരും പറയുന്നു.
അതേസമയം, ആര്‍.ആര്‍.ആറിനേയും ദി കശ്മീര്‍ ഫയല്‍സിനേയും പിന്തള്ളിയാണ് ചെല്ലോ ഷോ പട്ടികയില്‍ ഇടംപിടിച്ചത്.
ഓസ്‌കാര്‍ എന്‍ട്രിയില്‍ സന്തോഷം രേഖപ്പെടുത്തി സംവിധായകന്‍ പാന്‍ നളിനും രംഗത്തെത്തി. ‘ഇത് ഒരു അത്ഭുത രാത്രിയാണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും ജൂറി മെമ്പേഴ്സിനും നന്ദി. ചെല്ലോ ഷോയില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി. ഇനി എനിക്ക് സമാധാനമായി ശ്വാസം വിടാം, സിനിമ ആസ്വദിപ്പിക്കുമെന്നും പ്രചോദിപ്പിക്കുമെന്നും പ്രകാശിപ്പിക്കുമെന്നും വിശ്വസിക്കാം,’ എന്നാണ് പാന്‍ നളിന്‍ ട്വീറ്റ് ചെയ്തത്.
ഒക്ടോബര്‍ 14നാണ് ചെല്ലോ ഷോ റിലീസ് ചെയ്യുന്നത്. സിനിമാ മോഹിയായ ഒരു ഒമ്പതുവയസുകാരനെ ചുറ്റിപറ്റിയാണ് സിനിമ നടക്കുന്നത്. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: RRR rejected from the Oscar list, Furious fans took over Twitter