കൊവിഡ് വിവരങ്ങള്‍ പങ്കുവെയ്ക്കാനായി ട്വിറ്റര്‍ പേജ് വിട്ട് നല്‍കി ആര്‍.ആര്‍.ആര്‍ ടീം; ആധികാരിക വിവരങ്ങള്‍ നല്‍കാനെന്ന് രാജമൗലി
Covid 19 India
കൊവിഡ് വിവരങ്ങള്‍ പങ്കുവെയ്ക്കാനായി ട്വിറ്റര്‍ പേജ് വിട്ട് നല്‍കി ആര്‍.ആര്‍.ആര്‍ ടീം; ആധികാരിക വിവരങ്ങള്‍ നല്‍കാനെന്ന് രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th April 2021, 5:24 pm

ഹൈദരാബാദ്: കൊവിഡ് ഭീഷണി ശക്തമാകുന്നതിനിടെ രാജ്യം മുഴുവന്‍ സഹായമഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നിരവധി പേരാണ് കൊവിഡ് ആശുപത്രികളിലെ ബെഡ്ഡിനും ഓക്‌സിജനുമായി സഹായം അഭ്യര്‍ത്ഥിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും സഹായ അഭ്യര്‍ത്ഥനകള്‍ നിറഞ്ഞ് കവിയുകയാണ്. പലപ്പോഴും സഹായം എത്തിച്ച സന്ദേശങ്ങള്‍ പോലും വീണ്ടും വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഈ അവസരത്തില്‍ കൊവിഡ് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സഹായ അഭ്യര്‍ത്ഥനകള്‍ ക്രോഡീകരിക്കാനുമായി തന്റെ പുതിയ സിനിമയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വിട്ടുനല്‍കിയിരിക്കുകയാണ് സംവിധായകന്‍ എസ്.എസ് രാജമൗലി.

ജൂനിയര്‍ എന്‍.ടി.ആറും രാംചരണും അഭിനയിക്കുന്ന ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ പേജാണ് കൊവിഡ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വിട്ടുനല്‍കിയത്.

‘സമയം കഠിനമാണ്, ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിന്റെ ശ്രമം നടത്തുന്നു. RRR മൂവി എന്ന അക്കൗണ്ട് നിങ്ങള്‍ക്ക് പിന്തുടരാം കുറച്ച് വിവരങ്ങള്‍ നേടുന്നതിനും നിങ്ങളുടെ ചുറ്റുമുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കാനും ചില സഹായം നല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും’. #CovidInfo # Covid19IndiaHelp എന്ന് രാജമൗലി ട്വിറ്ററിലൂടെ പറഞ്ഞു.

ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

ചരിത്രവും ഫിക്ഷനും കൂട്ടിച്ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേരിന്റെ പൂര്‍ണ്ണരൂപം.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

RRR Movie Twitter page to share information covid 19 ; Rajamouli says this provide authentic information