ആര്‍.ആര്‍.ആര്‍. ഒരു കംപ്ലീറ്റ് രാജമൗലി സിനിമയാണ്. വലിയ കാന്‍വാസില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകളെ അണിനിരത്തി ആക്ഷനും വിഷ്വല്‍സും കൊണ്ട് ടെക്നിക്കലി ബ്രില്യന്റായ ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സിനുള്ള വഴി ഈ സിനിമ നല്‍കുന്നുണ്ട്. എന്നാല്‍ ആ വിഷ്വല്‍ ട്രീറ്റിനൊപ്പമെത്താന്‍ സിനിമയുടെ കഥയ്ക്കാകുന്നില്ല. മാത്രമല്ല, ശ്രീരാമന്‍ ഇമേജറിയിലൂന്നി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശീയതയെയും ഇന്നത്തെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംഘിവത്കരണത്തിന് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുമാണ്.
മഗധീര, ഈഗ, ബാഹുബലി എന്നീ സിനിമകളിലൂടെ സ്വന്തം മേക്കിങ്ങ് ശൈലിയുടെ ബെഞ്ച് മാര്‍ക്ക് ഉയര്‍ത്തിയ സംവിധായകനും തിരക്കഥാകൃത്തുമാണ് എസ്.എസ്. രാജമൗലി. ബാഹുബലിയുടെ രണ്ടാം ഭാഗത്തോളം തന്നെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ആര്‍.ആര്‍.ആറിനു വേണ്ടി കാത്തിരുന്നത്. രാജമൗലി ഒരു സൂപ്പര്‍സ്റ്റാറിനോളം ഫാന്‍ ബേസുള്ള സംവിധായകനാണെന്ന് ഈ സിനിമയുടെ തുടക്കം മുതലുള്ള ഹൈപ്പും, സിനിമയിലെ അവസാന പാട്ടുമെല്ലാം സൂചിപ്പിക്കുന്നുണ്ട്.
ഒരു ഫിക്ഷണല്‍ പിരീയഡ് ഡ്രാമയാണ് ആര്‍.ആര്‍.ആര്‍. ബ്രിട്ടീഷാധിപത്യവും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സായുധ പോരാട്ടങ്ങളും സമരങ്ങളുമെല്ലാം നടക്കുന്ന 1920കളിലാണ് സിനിമയെ പ്ലേസ് ചെയ്തിരിക്കുന്നത്.
അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഇവ രണ്ടും മാറ്റിനിര്‍ത്തിയാല്‍ ആര്‍.ആര്‍.ആര്‍ പൂര്‍ണ്ണമായും സിനിമാറ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യക്തികളെ അധികരിച്ചുള്ള കഥാപാത്രങ്ങള്‍ എന്നല്ലാതെ അവരുടെ യഥാര്‍ത്ഥ ജീവിതം സിനിമയില്‍ കടന്നുവരുന്നില്ല. ഇതൊരു ചരിത്ര സിനിമയല്ലെന്നും ഒരുപാട് ഫിക്ഷണല്‍ ലിബേര്‍ട്ടികള്‍ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ പറഞ്ഞിരുന്നു.
അല്ലൂരി സീതാരാമ രാജുവിന്റെയും കൊമരം ഭീമിന്റെയും യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചറിയുന്നവര്‍ക്കും ചരിത്രകാരന്മാര്‍ക്കുമാണ് ഇവരെ എങ്ങനെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കൃത്യമായി പറയാനാകുക.
പക്ഷെ ആര്‍.ആര്‍.ആറെന്ന സിനിമയുടെ ബേസിക് പ്ലോട്ട് വളരെ പരിചയമുള്ളതാണ്. നല്ലവരും ശക്തരുമായ നായകന്മാര്‍, വളരെ ക്രൂരരായ വില്ലന്മാര്‍ ഇതു തന്നെയാണ് ഈ സിനിമയും. പക്ഷെ ഈ നോര്‍മല്‍ പ്ലോട്ടിനെ ഒരു മാസ് എന്റര്‍ടെയ്നറാക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്.
മൊത്തം തിരക്കഥയേക്കാള്‍ ഓരോ സീനും അവതരിപ്പിച്ചിരിക്കുന്ന രീതിയും നിര്‍മ്മിച്ചെടുക്കുന്ന രീതിയുമാണ് ഈ എന്‍ഗേജിങ്ങ് മോഡ് നല്‍കുന്നത്. കെ.കെ സെന്തില്‍ കുമാറിന്റെ ക്യാമറയും സാബു സിറിളിന്റെ പ്രൊഡക്ഷന്‍ ഡിസൈനും എം.എം. കീരവാണിയുടെ മ്യൂസികും ചേര്‍ന്ന് രാജമൗലി മനസില്‍ കണ്ട രംഗങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകം ഫൈറ്റ് സ്വീക്വന്‍സുകളും വിഷ്വല്‍ ഇഫക്ട്സിന്റെ ബുദ്ധിപൂര്‍വവും സുന്ദരവുമായ ഉപയോഗവുമാണ്. അവസാന ഭാഗങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ കുറച്ച് പാളിച്ചകള്‍ തോന്നിയെങ്കിലും മറ്റെല്ലാ ആക്ഷനും ഏറെ മികച്ചു നില്‍ക്കുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഒന്നിച്ചു നടത്തുന്ന ഫൈറ്റും രാം ചരണ്‍ കുറെ പേരോട് ഒറ്റക്ക് അടിച്ചു നില്‍ക്കുന്നതുമെല്ലാം സിനിമാറ്റിക്കലി ഏറെ ഭംഗിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ എത്ര പേരെയും അടിച്ചിടാന്‍ പറ്റുന്ന ശക്തി, എത്രയടി കൊണ്ടാലും തളരാത്ത ശരീരം, കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എന്ത് മുറിവും അപ്രത്യക്ഷമാകുന്നത് തുടങ്ങിയവയെല്ലാം ഈ നായകന്മാര്‍ക്കുമുണ്ട്. പക്ഷെ അതിലേക്ക് അധികം ശ്രദ്ധ കൊണ്ടുപോകാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആക്ഷന്‍ സീനുകള്‍ക്ക് സാധിക്കുന്നുണ്ട്.
അതേസമയം, ഓരോ സീനുകളും പരമാവധി ഭംഗിയാക്കാനും തന്റെ മുന്‍ സിനിമകളേക്കാള്‍ ഗംഭീരമാക്കാനും രാജമൗലി നന്നായി ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും സിനിമയില്‍ ഗുണകരമായ റിസള്‍ട്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ, ഈച്ചയിലും ബാഹുബലിയുമിലുമെല്ലാം ചെറിയ ചില ജെസ്റ്ററുകളിലൂടെ ഇമോഷന്‍ കണ്‍വേ ചെയ്തിരുന്നെങ്കില്‍, ആര്‍.ആര്‍.ആറില്‍ അത്രയും ഈസിയായും ഒഴുക്കിലും ഓഡിയന്‍സുമായി ഇമോഷന്‍സ് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
അതേസമയം, ചിത്രത്തില്‍ ഇഷ്ടപ്പെട്ട ചില ചെറിയ മൊമന്റ്സ് ഉണ്ടായിരുന്നു. ഭീമിനെ ഒരു ബ്രിട്ടീഷുകാരന്‍ അപമാനിച്ചു സംസാരിക്കുന്നതിനിടയില്‍, ബ്രിട്ടീഷ് മ്യൂസിക് ടീമിന്റെ കൂട്ടത്തിലെ ഒരു ബ്ലാക്ക്മാനെ കാണിക്കുന്നുണ്ട്. അയാള്‍ക്ക് ഈ ഇന്ത്യക്കാരനോട് വെള്ളക്കാര്‍ പെരുമാറുന്ന രീതിയില്‍ ദേഷ്യവും സങ്കടവുമുണ്ടെന്ന് ആ ഒറ്റ സീനില്‍ നിന്നും മനസിലാകും. ആ കണക്ഷന്‍ കൊണ്ടുവന്നത് മികച്ചതായിരുന്നു. അതുപോലെ ഇടതു കൈ കൊണ്ട് ഭീം ഫുഡ് കഴിക്കുന്നത് കാണുന്ന രാജു, പിന്നീട് അതിന്റെ കാരണം കാണിക്കുന്നത്, ഡാന്‍സിന് ശേഷം തളര്‍ന്ന ഭീമിനെ രാജു പുറത്തെടുത്ത് കൊണ്ടുപോകുന്നത് തുടങ്ങിയതൊക്കെ അതി മനോഹരമായ സീനുകളായിരുന്നു.
കഥാപാത്രങ്ങളിലേക്ക് വന്നാല്‍, രാം ചരണിന്റെ രാജു, ജൂനിയര്‍ എന്‍.ടി.ആറിന്റെ ഭീം ഇവര്‍ തന്നെയാണ് പ്രധാനമായും സിനിമയിലുള്ളത്. എടുത്തപറയക്കത്ത മറ്റു കഥാപാത്രങ്ങളൊന്നുമില്ല.
വളരെ മെച്ച്വേര്‍ഡായ കൂടുതല്‍ കാര്യങ്ങളറിയുന്ന ഒരാളായാണ് രാജുവിനെ പരിചയപ്പെടുത്തുന്നത്. ഭീം ഇതില്‍ കുറച്ചു വ്യത്യസ്തമായി വൈകാരികമായി ഇടപെടുന്ന, ലോകത്തില്‍ നടക്കുന്ന മറ്റു കാര്യങ്ങളൊന്നുമറിയാത്ത ആളാണ്. ചിത്രത്തില്‍ കൂടുതല്‍ അഭിനയ സാധ്യതയും ക്യാരക്ടര്‍ ഡിവലപ്പ്മെന്റും വരുന്നത് രാജുവിനാണ്. രാം ചരണ്‍ രാജുവിനെ ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്.
ഏതാണ്ട് ഒരേ ലെവലില്‍ മുന്നോട്ടുപോകുന്ന ഭീമിനെ ജൂനിയര്‍ എന്‍.ടി.ആര്‍ കൈകാര്യം ചെയ്തതില്‍ ചെറിയ പാളിച്ചകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ഫൈറ്റ് സീനുകളും ഇന്‍ട്രൊയും നടന്‍ മികച്ചതാക്കുന്നുണ്ട്.
അജയ് ദേവ്ഗണിന്റെ എക്സ്റ്റന്‍ന്റ്ഡ് കാമിയോ സിനിമയില്‍ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു.
എന്നാല്‍ ആലിയ ഭട്ടിന്റെ സീത ചിത്രത്തില്‍ ഒരു പ്രാധാന്യവുമില്ലാത്ത കഥാപാത്രമാണ്. ആലിയ ഭട്ടിനെ പോലെ ബോളിവുഡില്‍ ലീഡിങ്ങ് റോളുകള്‍ ചെയ്യുന്ന അഭിനേത്രി വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഈ വേഷം ചെയ്തത് എന്തിനായിരുന്നു എന്ന് സിനിമ കാണുന്ന സമയത്ത് തോന്നാം. ആലിയയുടെ വളരെ കാമ്പുള്ള കഥാപാത്രങ്ങള്‍ മനസില്‍ നില്‍ക്കുന്നതുകൊണ്ടാകാം ആര്‍.ആര്‍.ആറിലെ സീത കടുത്ത നിരാശയാണ് സമ്മാനിച്ചത്.
ചിത്രത്തിലെ ബ്രിട്ടീഷ് കഥാപാത്രങ്ങള്‍ സാധാരണ ഇന്ത്യന്‍ സിനിമകളില്‍ കാണുന്ന അതേ വാര്‍പ്പുമാതൃകകള്‍ തന്നെയാണ്. വളരെ നാടകീയമായ രീതിയിലാണ് ഈ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലെ ഗവര്‍ണറുടെ ഭാര്യയുടെ ചില ഡയലോഗുകളും സീനുകളുമൊക്കെ ക്രൂരതയുടെ അറ്റം കാണിച്ചു തരുന്ന രീതിയിലുള്ളതായിരുന്നു.
രാജമൗലിയുടെ മുന്‍ ചിത്രങ്ങളിലെല്ലാം നായകനോട് കിടപിടക്കുന്ന, സിനിമയെ കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങാക്കുന്ന വില്ലന്‍ വേഷങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അത്തരം റോളുകളില്ല. അത് സിനിമയില്‍ ഒരു കുറവായി അനുഭവപ്പെട്ടു.
രാജുവിന്റെയും ഭീമിന്റെയും കണ്ടുമുട്ടല്‍, സൗഹൃദം, അതിലെ സംഘര്‍ഷങ്ങള്‍, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയിലൂടെ തന്നെയാണ് സിനിമ നീങ്ങുന്നത്. പക്ഷെ അവരുടെ സൗഹൃദത്തിന്റെ ആഴമൊന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന വിധം അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും അത് ഇടയ്ക്ക് മാത്രമേ പ്രതിപാദിക്കുന്നുള്ളു.
ഇനി ചിത്രത്തിലെ രാമ ബിംബത്തിലേക്ക് വന്നാല്‍, അവസാന ഭാഗങ്ങളില്‍ വേഷത്തിലും ആയുധങ്ങളിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം രാമന്റെ പ്രതിരൂപമായി മാറ്റിക്കൊണ്ട് രാജുവിനെ അവതരിപ്പിക്കുന്നത്, സംഘപരിവാറിന്റെ രാമരാജ്യം ആശയങ്ങളെയാണ് ഓര്‍മ്മിപ്പിച്ചത്. ആദിവാസി സമൂഹത്തിന്റെയടക്കം രക്ഷകനായി രാമനെ അവതരിപ്പിച്ചതിലും ചില അപാകതകളുണ്ട്. അല്ലൂരി സീതാരാമ രാജുവിന്റെ ചെറുപ്പ കാലഘട്ടത്തെ കുറിച്ച് അധികം ചരിത്ര രേഖകളില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹം ഒരു ഘട്ടത്തില്‍ സന്യാസ വേഷത്തിലേക്ക് മാറിയിരുന്നെന്നും ചിലയിടത്ത് വായിച്ചു. സിനിമയിലെ രാമന്റെ അതിപ്രസരം കാരണം പല തിയേറ്ററുകളിലും സിനിമക്ക് ശേഷം ജയ് ശ്രീരാം വിളികളാണ് ഉയരുന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സിനിമയിലെ അവസാന പാട്ടില് വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്നതിലും, സംഘപരിവാര് അംഗീകരിക്കുന്നവരെയും ആദരിക്കുന്നവരെയും മാത്രം ഉള്പ്പെടുത്തി എന്ന വിമര്ശനങ്ങളും ഉയരുന്നുണ്ട്.