| Thursday, 21st July 2022, 6:40 pm

ആര്‍.ആര്‍.ആര്‍ ഇനി ജപ്പാനില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ബാഹുബലിക്ക് ശേഷം തെന്നിന്ത്യന്‍ സൂപര്‍ താരങ്ങളായ രാം ചരണിനേയും ജൂനിയര്‍ എന്‍.ടി ആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍.ആര്‍.ആര്‍.

മാര്‍ച്ച് 24 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ചിത്രം ലോകമെമ്പാടും റീലീസ് ചെയ്തത്. റീലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ചിത്രം സകല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടന്നിരുന്നു.

ഇപ്പോഴിതാ ചിത്രം ജപ്പാനിലും റിലീസിനെത്തുകയാണ്. ചിത്രം ജപ്പാനില്‍ ഒക്ടോബര്‍ 21ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സിനിമയുടെ ഒ.ടി.ടി സ്ട്രീമിംഗ് തുടങ്ങിയത് മേയ് 20 നായിരുന്നു. സീ 5 ലൂടെയും നെറ്റ്ഫ്ളിക്സിലൂടെയുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ട്രീമിംഗ് തുടങ്ങിയ ദിവസം മുതല്‍ തന്നെ ലോകത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ആര്‍.ആര്‍.ആറിന് പ്രശംസയുമായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ച സിനിമയിലെ ഒരു രംഗം ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ കണ്ട വീഡിയോ എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഒരു കോടിയിലേറെ പേരാണ് വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ട്വിറ്ററില്‍ കണ്ടത്.

അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

Content Highlight : RRR Movie releasing on japan date announced

We use cookies to give you the best possible experience. Learn more