| Monday, 13th March 2023, 8:42 am

ചരിത്ര നേട്ടം; നാട്ടു നാട്ടുവിന് ഓസ്‌കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ്. രാജമൗലിയുടെ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടുവിന് ഓസ്‌കാര്‍ പുരസ്‌കാരം. സംഗീതസംവിധായകന്‍ എം.എം.കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡിനും പിന്നാലെയാണ് ഗാനത്തിന്റെ ഓസ്‌കര്‍ നേട്ടവും. ലേഡി ഗാഗ, റിഹാന എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ നാട്ടു നാട്ടു മത്സരിച്ചത്.

ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട നാട്ടു നാട്ടു ഗായകരായ രാഹുല്‍ സിപ്ലിഗുഞ്ജും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍  അവതരിപ്പിച്ചു.

ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനയര്‍ ചിത്രത്തില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്നു ലോകപ്രസിദ്ധമായ ‘ജയ് ഹോ’ ഗാനം 2009 ലെ ഓസ്‌കര്‍ ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു.

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കര്‍ വേദിയിലേക്ക് ഇന്ത്യന്‍ വേഷത്തിലാണ് ആര്‍.ആര്‍.ആര്‍ സംഘമെത്തിയത്. സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, കാല ഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരാണ് ഓസ്‌കാര്‍ വേദിയില്‍ എത്തിയത്.

മലയാളികള്‍ക്കും കീരവാണിയുടെ സംഗീതം പ്രിയപ്പെട്ടതാണ്. നീലഗിരിയുടെ മലമടക്കില്‍ നിന്നും ‘കറുക നാമ്പും കവിത മൂളും’ എന്ന ഗാനം പാടിയിറങ്ങുന്ന മധുബാലയെ മലയാളികള്‍ മറക്കാനിടയില്ല. പ്രണയത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിപ്പിച്ച ദേവരാഗം എന്ന സിനിമയിലെ ശിശിരകാല മേഘ മിഥുനമെന്ന് തുടങ്ങുന്ന ഗാനം കൂടി പറയുമ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ആദ്യം ഓര്‍മ വരുന്ന പേര് എം.എം കീരമാണിയെന്ന് എന്നുതന്നെയാണ്. മലയാളത്തിന് എത്ര മികച്ച ഗാനങ്ങളാണ് ആ മനുഷ്യന്‍ സമ്മാനിച്ചത്.

ഈ നേട്ടം ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. വെറുതെ കേട്ട് മറക്കുക എന്നതിനപ്പുറത്തേക്ക് കേള്‍വിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന എന്തോ ഒരു മാജിക് കീരവാണിയുടെ ഈണങ്ങള്‍ക്കുണ്ട്. ദേവരാഗത്തിലടക്കം അദ്ദേഹം മലയാളത്തിന് സമ്മാനിച്ച എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റും ഇന്നും ജനപ്രിയവുമാണ്.

മമ്മൂട്ടി നായകനായെത്തിയ സൂര്യമാനസം എന്ന സിനിമയിലെ ‘തരളിതരാവില്‍ മയങ്ങിയോ’ എന്നുതുടങ്ങുന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. അത്രയധികം കേള്‍വിക്കാരനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് കീരവാണിയുടെ സംഗീതം. മലയാളത്തിലോ തമിഴിലോ തെലുങ്കിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കീരവാണി മാജിക്. അത് ഭാഷക്ക് അതീതമായി സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കി യാത്ര ചെയ്തുകൊണ്ടേയിരിക്കുമെന്നത് നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഉറപ്പായി.

content highlight: rrr movie nattu nattu song won oscar award

We use cookies to give you the best possible experience. Learn more