| Thursday, 20th May 2021, 11:52 am

ഇത് ആഘോഷിക്കാനുള്ള സമയമല്ല; ജന്മദിനത്തില്‍ ആര്‍.ആര്‍.ആറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജൂനിയര്‍ എന്‍.ടി.ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ എസ്.എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആര്‍.ആര്‍.ആറിലെ നടന്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്.

‘സ്വര്‍ണ്ണത്തിന്റെ ഹൃദയമുള്ളവനാണ് എന്റെ ഭീമന്‍, പക്ഷെ അവന്‍ എതിരിടാന്‍ ഇറങ്ങുമ്പോള്‍ അതിശക്തനും ധീരനുമായിരിക്കും,’ എന്ന വാചകങ്ങളോടെയാണ് രാജമൗലി പോസ്റ്റര്‍ പങ്കുവെച്ചത്.

അതേസമയം ജന്മദിനത്തിന്റെയോ പോസ്റ്റര്‍ റിലീസിന്റെയോ ഭാഗമായി ആരാധകരാരും തന്നെ ആഘോഷത്തിന് നില്‍ക്കരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജൂനിയര്‍ എന്‍.ടി.ആറും ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

‘ഈ വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് നിങ്ങള്‍ക്ക് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്നതാവും. കൊവിഡ് 19നെതിരെ നമ്മുടെ രാജ്യം യുദ്ധം ചെയ്യുകയാണ്. ആരോഗ്യരംഗവും കൊവിഡ് മുന്‍നിര പോരാളികളും കൊവിഡിനെതിരെ അക്ഷീണ പ്രയത്‌നം നടത്തുകയാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി, ജീവിതമാര്‍ഗം നഷ്ടപ്പെട്ടു. ഇത് ആഘോഷിക്കാനുള്ള സമയമല്ല. മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണ്,’ ജൂനിയര്‍ എന്‍.ടി.ആര്‍ പറഞ്ഞു.

നേരത്തെ കൊവിഡ് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സഹായ അഭ്യര്‍ത്ഥനകള്‍ ക്രോഡീകരിക്കാനുമായി ആര്‍.ആര്‍.ആറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് രാജമൗലി വിട്ടുനല്‍കിയിരുന്നു.

ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

ചരിത്രവും ഫിക്ഷനും കൂട്ടിച്ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേരിന്റെ പൂര്‍ണ്ണരൂപം.
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: RRR movie Junior NTR new poster

We use cookies to give you the best possible experience. Learn more