ഓസ്‌കാര്‍ തൂത്തുവാരുമോ ആര്‍.ആര്‍.ആര്‍? ആഘോഷം തുടങ്ങി ആരാധകര്‍
Entertainment
ഓസ്‌കാര്‍ തൂത്തുവാരുമോ ആര്‍.ആര്‍.ആര്‍? ആഘോഷം തുടങ്ങി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th September 2022, 11:21 pm

എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആര്‍ ഓസ്‌കാര്‍ നേടിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമാരംഗത്തെ പ്രമുഖ അന്താരാഷ്ട്ര മാഗസിനായ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാര്‍ സാധ്യതാ പട്ടികയിലാണ് ആര്‍.ആര്‍.ആറിന് വലിയ സാധ്യതകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് കാറ്റഗറികളിലാണ് ചിത്രത്തിന് ഓസ്‌കാര്‍ നോമിനേഷനും ഒരുപക്ഷെ അവാര്‍ഡും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്. മികച്ച വിദേശ ചിത്രം, മികച്ച ഒറിജിനല്‍ സോങ്, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ, മികച്ച നടന്‍ എന്നീ കാറ്റഗറിലാണ് വെറൈറ്റി മാഗസിന്‍ ആര്‍.ആര്‍.ആറിന് സാധ്യത കല്‍പിച്ചിരിക്കുന്നത്. മികച്ച നടന്മാര്‍ക്കുള്ള സാധ്യതാപട്ടികയില്‍ ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഇടം നേടിയിട്ടുണ്ട്.

വെറൈറ്റിയുടെ പട്ടിക ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഓഗസ്റ്റില്‍ വെറൈറ്റി പുറത്തുവിട്ട അണ്‍റാങ്ക്ഡ് സാധ്യതപട്ടികയിലും ആര്‍.ആര്‍.ആര്‍ ഇടം നേടിയിരുന്നു. അന്ന് തുടങ്ങിയ ആഘോഷത്തിന് കൂടുതല്‍ ആവേശമായിരിക്കുകയാണ് പുതിയ പട്ടിക.

രാംചരണും ജൂനിയര്‍ എന്‍.ടി.ആറും അഭിനയിച്ച ആര്‍.ആര്‍.ആര്‍ വലിയ വിജയമായിരുന്നു. 2022 മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സകല കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്താണ് തിയേറ്റര്‍ വിട്ടത്.

പിന്നീട് നെറ്റ്ഫ്‌ളിക്സിലൂടെയും ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തതാണ്.

ഹോളിവുഡ് സംവിധായകരും, സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തെയും സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

നേരത്തെ ഹോളിവുഡ് നടനും തിരക്കഥാകൃത്തുമായ പാറ്റണ്‍ ഓസ്വാള്‍ട്ട് ചിത്രം പരമാവധി ഐമാക്സ് ഫോര്‍മാറ്റില്‍ തന്നെ കാണണമെന്ന് ആരാധകരോട് റെക്കമന്‍ഡ് ചെയ്തിരുന്നു.

അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളെ ആസ്പദമാക്കിയാണ് ആര്‍.ആര്‍.ആര്‍ ഒരുക്കിയിരിക്കുന്നത്. രാം ചരണ്‍ അല്ലൂരി സീതാരാമ രാജുവിനെയും ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീമിനെയുമായിരുന്നു അവതരിപ്പിച്ചത്. ആലിയ ഭട്ട് ആയിരുന്നു നായിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlight: RRR is in Variety Magazine’s Oscar possibility list