| Friday, 16th December 2022, 6:39 pm

രജനി കാന്തിനെ പിന്നിലാക്കി ജപ്പാനില്‍ ആര്‍.ആര്‍.ആറിന്റെ ചരിത്രനേട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന നേട്ടം ഇനി ആര്‍ ആര്‍ ആറിന് സ്വന്തം. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വര്‍ഷത്തെ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്. 24 കോടിയിലേറെ രൂപയാണ് ചിത്രം ജപ്പാനില്‍ നിന്ന് മാത്രമായി നേടിയത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-നാണ് രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആര്‍ ആര്‍ ആര്‍ ജപ്പാനില്‍ റിലീസ് ചെയ്തത്. രാം ചരണ്‍ ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. അന്ന് വമ്പന്‍ വരവേല്‍പ്പാണ് ആര്‍.ആര്‍.ആര്‍ ടീമിന് ജപ്പാനില്‍ ലഭിച്ചത്.

403 മില്ല്യണ്‍ യെന്‍ ആണ് ആര്‍.ആര്‍.ആറിന്റെ ജപ്പാനിലെ ബോക്‌സോഫീസ് കളക്ഷന്‍ എന്നാണ് പറയപ്പെടുന്നത്. വെറും അമ്പത്തിയഞ്ച് ദിവസത്തെ പ്രദര്‍ശനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നൂറ് കിലോമീറ്ററിലേറെ സഞ്ചരിച്ച് ഈ സിനിമ കാണെനെത്തിയവരുമുണ്ട്. ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകള്‍ വഴിയാണ് ഈ വിവരം പുറത്ത് വന്നത്.

ആര്‍.ആര്‍.ആര്‍ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അത് റീ ട്വീറ്റ് ചെയ്തിരുന്നു. മൂന്ന് ചിത്രങ്ങളാണ് ഇത്തരത്തില്‍ ജപ്പാനില്‍ ചരിത്ര നേട്ടം കരസ്ഥമാക്കിയത്.മൂന്നില്‍ രണ്ട് ചിത്രങ്ങളും രാജമൗലി സംവിധാനം ചെയ്തവയാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സിനിമ. അതേസമയം ജപ്പാനില്‍ സിനിമയിപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

രാജ്യത്തിന് പുറത്ത് മാത്രമല്ല ഇന്ത്യയിലും വലിയ കളക്ഷനാണ് ആര്‍.ആര്‍.ആര്‍ നേടിയത്. ഭാഷാഭേദമന്യേ എല്ലാവരും ഏറ്റെടുത്ത പാന്‍ ഇന്ത്യന്‍ സിനിമയാണത്. ആര്‍ ആര്‍ ആറിന്റെ രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തന്റെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് എന്ന് അടുത്തിടെ രാജമൗലി പറഞ്ഞിരുന്നു.

രാം ചരണ്‍, ജൂനിയര്‍ എന്‍.ടി. ആര്‍ എന്നിവര്‍ക്ക് പുറമേ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: RRR CROSSED RECORDS IN JAPPAN

We use cookies to give you the best possible experience. Learn more