| Thursday, 22nd October 2020, 12:47 pm

കൊമരു ഭീം ആയി എന്‍.ടി.ആര്‍; രാജമൗലി ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: എന്‍.ടി.ആര്‍  കൊമരു  ഭീം ആയെത്തുന്ന ചിത്രം RRR ന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. വ്യത്യസ്ത ലുക്കില്‍ എന്‍.ടി.ആര്‍ വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാഹുബലി സംവിധായകന്‍ എസ്.എസ് രാജമൗലിയാണ്.

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. കഥാപാത്രത്തിന്റെ ലുക്ക് വ്യക്തമാക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

‘ഇടവേള കുറച്ച് നീണ്ടുപോയി. പക്ഷെ അതെല്ലാം സിനിമയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. നിശ്ചലമായിടത്തു നിന്ന് വീണ്ടും ആരംഭിക്കാന്‍ ഞങ്ങളുടെ ടീം മുഴുവന്‍ കൂടെ നിന്നു. പ്രേക്ഷകര്‍ക്കു മുന്നില്‍ സിനിമയെത്തിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. കൂടെ നിന്ന എല്ലാര്‍ക്കും നന്ദി – എന്നാണ് ടീസര്‍ റിലീസ് വേളയില്‍ രാജമൗലി പറഞ്ഞത്.

പേര് കൊണ്ടു തന്നെ വ്യത്യസ്തമാകുന്ന ചിത്രത്തില്‍ എന്‍.ടി.ആര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് ക്യാരക്ടര്‍ ടീസറില്‍ നിന്നും മനസ്സിലാകുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. രാംചരണും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലൂരി സീതരാമ രാജുവായാണ് രാംചരണ്‍ വേഷമിടുക.

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. നവംബറോടെ ആലിയ ഭട്ട് ലൊക്കേഷനിലെത്തും.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: RRR character teaser out

We use cookies to give you the best possible experience. Learn more