മുംബൈ: ഓസ്‌കാര്‍ പുരസ്‌കാരത്തിനായി അപേക്ഷ സമര്‍പ്പിച്ച് എസ്.എസ് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഒഫീഷ്യല്‍ എന്‍ട്രിയില്‍ നിന്നും ആര്‍.ആര്‍.ആറിനെ തഴഞ്ഞതിന് പിന്നാലെയാണ് ജനറല്‍ കാറ്റഗറിയില്‍ ആര്‍.ആര്‍.ആര്‍ ടീം അപേക്ഷ സമര്‍പ്പിച്ചത്.
ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബോക്‌സോഫീസുകളില്‍ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനും ഭാഷാപരവും സാംസ്‌കാരികവുമായ തടസ്സങ്ങള്‍ മറികടന്ന് ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മികച്ച വിജയം നേടാനായതിലും തങ്ങള്‍ അഭിമാനിക്കുന്നെന്നും ആര്‍.ആര്‍.ആര്‍ ടീം കുറിപ്പില്‍ പറഞ്ഞു.
ആര്‍.ആര്‍.ആറിനെ സ്‌നേഹിച്ച, പിന്തുണച്ച ഓരോ പ്രേക്ഷകരോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണ്. ജനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് തങ്ങളുടെ യാത്ര സുഗമമാക്കിയതെന്നും ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള ജനറല്‍ കാറ്റഗറിയില്‍ ആര്‍.ആര്‍.ആര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാക്കാന്‍ തങ്ങളെ സഹായിച്ച ഏവരോടും കടപ്പെട്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനഹൃദയങ്ങള്‍ കീഴടക്കി ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍.ആര്‍.ആര്‍ ടീം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
അടുത്തിടെയായിരുന്നു ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി പ്രഖ്യാപിച്ചത്. പാന്‍ നളിന്റെ സംവിധാനത്തിലൊരുങ്ങിയ ഗുജറാത്തി ചിത്രം ചെല്ലോ ഷോ( ലാസ്റ്റ് ഫിലിം ഷോ) യെ ആയിരുന്നു ഓസ്‌കാറില്‍ മത്സരിക്കാനായി തെരഞ്ഞെടുത്തത്.
ഓസ്‌കാര്‍ പുരസ്‌കാരത്തിന് വലിയ സാധ്യത കല്‍പ്പിച്ച ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. സിനിമാരംഗത്തെ പ്രമുഖ അന്താരാഷ്ട്ര മാഗസിനായ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാര്‍ സാധ്യതാ പട്ടികയില്‍ അടക്കം ആര്‍.ആര്‍.ആറിന് സാധ്യതകള്‍ പ്രഖ്യാപിച്ചിരുന്നതാണ്.
അഞ്ച് കാറ്റഗറികളിലാണ് ചിത്രത്തിന് ഓസ്‌കാര്‍ നോമിനേഷനും ഒരുപക്ഷെ അവാര്‍ഡും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെറൈറ്റി പറഞ്ഞിരുന്നത്.
മികച്ച വിദേശ ചിത്രം, മികച്ച ഒറിജിനല്‍ സോങ്, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ, മികച്ച നടന്‍ എന്നീ കാറ്റഗറിലാണ് വെറൈറ്റി മാഗസിന്‍ ആര്‍.ആര്‍.ആറിന് സാധ്യത കല്‍പിച്ചിരുന്നത്. മികച്ച നടന്മാര്‍ക്കുള്ള സാധ്യതാപട്ടികയില്‍ ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഇടം നേടിയിരുന്നു.
വെറൈറ്റിയുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ വലിയ ആഘോഷത്തിലായിരുന്നു ആരാധകരും. ഓഗസ്റ്റില്‍ വെറൈറ്റി പുറത്തുവിട്ട അണ്‍റാങ്ക്ഡ് സാധ്യതപട്ടികയിലും ആര്‍.ആര്‍.ആര്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഒഫീഷ്യല്‍ എന്‍ട്രി ലഭിക്കാത്തതില്‍ വലിയ പ്രതിഷേധത്തിലായിരുന്നു ആരാധകര്‍.
രാംചരണും ജൂനിയര്‍ എന്‍.ടി.ആറും അഭിനയിച്ച ആര്‍.ആര്‍.ആര്‍ വലിയ വിജയമായിരുന്നു. 2022 മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് തിയേറ്റര്‍ വിട്ടത്.
പിന്നീട് നെറ്റ്ഫ്ളിക്‌സിലൂടെയും ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തതാണ്.
ഹോളിവുഡ് സംവിധായകരും, സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തെയും സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളെ ആസ്പദമാക്കിയാണ് ആര്‍.ആര്‍.ആര്‍ ഒരുക്കിയിരിക്കുന്നത്. രാം ചരണ്‍ അല്ലൂരി സീതാരാമ രാജുവിനെയും ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീമിനെയുമായിരുന്നു അവതരിപ്പിച്ചത്.ആലിയ ഭട്ട് ആയിരുന്നു നായിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: RRR applied the academy for oscars consideration in general category