ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന 2024 ഐ.പി.എല്‍ പ്ലേയോഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചു.
ഇന്ന് അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും.
തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചുവന്ന ബെംഗളൂരുവാണ് എലിമിനേറ്ററില്‍ സഞ്ജുവിനും സംഘത്തിനും വലിയ വെല്ലുവിളി. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ആര്‍.സി.ബിക്കെതിരായ മത്സരം അതി കഠിനമാണ്. നേരത്തെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിയ ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ ബെംഗളൂരു അടിത്തട്ടില്‍ നിന്ന് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ച് മിന്നും ഫോമിലാണ് പ്ലേ ഓഫിലേക്ക് കുതിച്ചത്.
ഇന്ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ താപനില 45 ഡിഗ്രി വരെ ഉയരുകയും രാത്രിയില്‍ 31 ഡിഗ്രി വരെ താഴുകയും ചെയ്യുമെന്നാണ് ആക്യുവെതര്‍ പറയുന്നത്. മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ ഇത് ചൂടുള്ള ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, അഹമ്മദാബാദിലെ ഏത് പിച്ചിലാണ് മത്സരം നടക്കുകയെന്ന് ഇതുവരെ വ്യക്തമല്ല, എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഉയര്‍ന്ന സ്‌കോറിങ് പിച്ചിലായിരിക്കും മത്സരം നടക്കുന്നത്.
നിലവില്‍ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റ് നേടി +0.273 എന്ന നെറ്റ് റണ്‍ റേറ്റാണ് നേടിയത്.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് കടന്നുവന്ന ബെംഗളൂരു 14 മത്സരത്തില്‍ 7 വിജയവും 7 തോല്‍വിയും സ്വന്തമാക്കി +0.459 നെറ്റ് റണ്‍ റേറ്റില്‍ 14 പോയിന്റുമായി നാലാമതാണ്.
ഇരുവരും തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.
Content Highlight: RR VS RCB Weather Forecast And Pitch Report of Ahmedabad Stadium