| Tuesday, 16th April 2024, 8:17 pm

ഗ്ലൗസ് ഇല്ലാതെയും ക്യാച്ചെടുക്കാന്‍ പറ്റും ക്യാപ്റ്റാ... സഞ്ജുവിന്റെ തഗ്ഗിന് മറു തഗ്ഗുമായി ആവേശ് ഖാന്‍; കീപ്പറുടെ ഗ്ലൗ ഊരി നല്‍കി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 31ാം മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മത്സരത്തിന്റെ നാലാം ഓവറില്‍ ഓപ്പണര്‍ ഫില്‍ സോള്‍ട്ടിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായിരുന്നു. ആവേശ് ഖാന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് അപകടകാരിയായ സോള്‍ട്ട് പുറത്താകുന്നത്. പുറത്താകുമ്പോള്‍ 13 പന്തില്‍ പത്ത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഈ ക്യാച്ചിന് പിന്നാലെ അഭിനന്ദനങ്ങളും ആവേശ് ഖാനെ തേടിയെത്തുന്നുണ്ട്. കരിയറില്‍ തന്നെ ആവേശ് ഖാനെടുത്ത മികച്ച ക്യാച്ചെന്നാണ് കമന്റേറ്റര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഈ ക്യാച്ചിന് പിന്നാലെ സഞ്ജുവിനെ നോക്കി ‘എനിക്ക് ക്യാച്ചെടുക്കാന്‍ സാധിക്കും ക്യാപ്റ്റാ’ എന്ന തരത്തില്‍ ആവേശ് ഖാന്‍ ആംഗ്യം കാണിച്ചിരുന്നു.

പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനെ സംബന്ധിച്ച് സഞ്ജും ആവേശ് അടക്കമുള്ള താരങ്ങളും തമ്മില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരു ക്യാച്ചിനായി സഞ്ജുവും ആവേശും ശ്രമിച്ചെങ്കിലും രണ്ട് പേര്‍ക്കും അതിന് സാധിച്ചില്ല. ഇരുവരും തമ്മില്‍ കൂട്ടിയിടിക്കുകയും ക്യാച്ച് നഷ്ടപ്പെടുത്തുകയുമായിരുന്നു.

ഇതിന് പിന്നാലെ പോസ്റ്റ് മാച്ച് പ്രെസന്റേഷനിടെ ഗ്ലൗ ഉപയോഗിച്ച് ക്യാച്ചെടുക്കുന്നത് കുറച്ചുകൂടി എളുപ്പമാണെന്ന് എന്റെ സഹതാരങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്ന് സഞ്ജു തമാശപൂര്‍വം പറഞ്ഞിരുന്നു.

ക്യാപ്റ്റന്റെ ഈ വാക്കുകളെ തന്നെയാണ് ആവേശ് ഇപ്പോള്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിക്കറ്റ് സെലിബ്രേഷനിടെ സഞ്ജു വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ആവേശ് ഖാന് നല്‍കുകയും താരം ഗ്ലൗ ഉപയോഗിച്ച് പന്ത് പിടിച്ച ശേഷം ഡ്രസ്സിങ് റൂമിനെ നോക്കി ഉയര്‍ത്തിക്കാട്ടുകയുമായിരുന്നു.

അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. 16 പന്തില്‍ 23 റണ്‍സുമായി സുനില്‍ നരെയ്‌നും ഏഴ് പന്തില്‍ 15 അറണ്‍സുമായി ആംഗ്ക്രിഷ് രഘുവംശിയുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Content Highlight: RR vs KKR: Avesh Khan’s brilliant catch to dismiss Phil Salt

We use cookies to give you the best possible experience. Learn more