രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ചഹല്‍; ഐതിഹാസിക നേട്ടത്തില്‍ സഞ്ജുവിന്റെ വിശ്വസ്തന്‍
IPL
രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ചഹല്‍; ഐതിഹാസിക നേട്ടത്തില്‍ സഞ്ജുവിന്റെ വിശ്വസ്തന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 9:33 pm

ഐ.പി.എല്‍ 2024ലെ 56ാം മത്സരം ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടരുകയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ മികച്ച തുടക്കമാണ് ക്യാപ്പിറ്റല്‍സിന് ലഭിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി രാജസ്ഥാന്‍ പേസര്‍മാരെ തല്ലിയൊതുക്കിയ ദല്‍ഹി ബാറ്റര്‍മാര്‍ക്ക് എന്നാല്‍ ആദ്യ പകുതിയില്‍ സഞ്ജുവിന്റെ സ്പിന്നര്‍മാര്‍ക്കെതിരെ ആ മൊമെന്റം തുടരാന്‍ സാധിച്ചില്ല. അശ്വിനും ചഹലിനും പുറമെ റിയാന്‍ പരാഗും മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞു.

സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് അശ്വിന്‍ പുറത്തെടുത്തത്. നാല് ഓവറില്‍ വെറും 24 റണ്‍സ് വഴങ്ങി വിലപ്പെട്ട മൂന്ന് വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്.

എന്നാല്‍ അശ്വിന്റെ മികച്ച പ്രകടനം തുടരാന്‍ ചഹലിന് സാധിച്ചില്ല. ആദ്യ മൂന്ന് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയ ചഹല്‍ തന്റെ അവസാന ഓവറില്‍ 21 റണ്‍സ് വഴങ്ങിയത്.

ഒടുവില്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എന്ന നിലയിലാണ് ചഹല്‍ തന്റെ ക്വാട്ട അവസാനിപ്പിച്ചത്.

മികച്ച രീതിയില്‍ പന്തെറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ ചഹലിന് സാധിച്ചിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്. ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷബ് പന്തിനെ ട്രെന്റ് ബോള്‍ട്ടിന്റെ കൈകളിലെത്തിച്ച് മടക്കിയാണ് ചഹല്‍ 350ാം ടി-20 വിക്കറ്റ് ആഘോഷമാക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

യൂസ്വേന്ദ്ര ചഹല്‍ – 350*

പിയൂഷ് ചൗള – 310

ആര്‍. അശ്വിന്‍ – 306

ഭുവനേശ്വര്‍ കുമാര്‍ – 297

അമിത് മിശ്ര – 285

ജസ്പ്രീത് ബുംറ – 278

ഹര്‍ഭജന്‍ സിങ് – 235

ഹര്‍ഷല്‍ പട്ടേല്‍ – 226

ജയ്‌ദേവ് ഉനദ്കട് – 226

 

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ അഭിഷേക് പോരലിന്റെയും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

പോരല്‍ 36 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ 50 റണ്‍സാണ് ജെ.എഫ്.എം നേടിയത്. 20 പന്തില്‍ 41 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും നിര്‍ണായകമായി.

രാജസ്ഥാനായി അശ്വിന്‍ മൂന്ന് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് താരങ്ങള്‍ റണ്‍ ഔട്ടുമായി.

 

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, റോവ്മന്‍ പവല്‍, ഡൊണോവാന്‍ ഫെരേര, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

 

Content Highlight: RR vs DC: Yuzverndra Chahal  becomes the first Indians to complete 350 T20 wickets