ബെംഗളുരു: തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ബെംഗളൂരു ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ്സും ജെ.ഡി.എസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ 15340 വോട്ടിനാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്.
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ്സും ജെ.ഡി.എസും ആര്‍.ആര്‍ നഗറില്‍ ധാരണയിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
തല്‍ക്കാലം വിധാന്‍ സൗധയില്‍ മാത്രമാവും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമെന്നാണ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ദേവഗൗഡ പറഞ്ഞത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആര്‍.ആര്‍ നഗര്‍.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ കൈരാനയില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന് മുന്നേറ്റം. 12790 വോട്ടുകളാണ് ഹസന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മൃഗംഗ സിങ്ങിന് 8029 വോട്ടുകളും ലഭിച്ചു.
2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.