| Thursday, 6th April 2023, 6:04 pm

ധോണിയുടെ ഒരുപാട് കാര്യങ്ങള്‍ മോഷ്ടിക്കാന്‍ സാധിക്കും, എന്നാല്‍ ഞാന്‍ കട്ടെടുക്കുക അത് മാത്രമാണ്: ആര്‍. പി സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും സക്‌സസ്ഫുള്ളായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എം.എസ്. ധോണി. ഇന്ത്യയെ മൂന്ന് ഐ.സി.സി കിരീടം ചൂടിച്ച ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസും ഉയര്‍ത്തിയിരുന്നു.

ധോണിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ പേസറും ധോണിയുടെ സഹതാരവുമായ ആര്‍. പി. സിങ്ങിന്റെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ധോണിയുടെ ബൈക്കുകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും സാധിച്ചാല്‍ അതിലൊന്ന് മോഷ്ടിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജിയോ സിനിമാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു മത്സരത്തിന്റെ പള്‍സറിഞ്ഞ് കളി പിടിച്ചടക്കാന്‍ സാധിക്കുന്ന ധോണിയുടെ കഴിവ് സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തോട് യാചിക്കും. ധോണിയുടെ പക്കല്‍ നിന്നും നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ബൈക്കുകളില്‍ ഒന്നാകും മോഷ്ടിക്കുക, കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ RX100 തന്നെ മോഷ്ടിക്കും,’ ആര്‍.പി. സിങ് പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച ബൈക്ക് കളക്ഷനുള്ളതും ധോണിക്ക് തന്നെയാണ്. കവാസാക്കി നിന്‍ജ എച്ച്.ടുവും, സുസൂക്കിയുടെ ഹയാബൂസയും ഹാര്‍ലി ഡേവിഡ്‌സണിന്റെ ഫാറ്റ് ബോയുമടക്കം നിരവധി ബൈക്കുകളാണ് ധോണിയുടെ കളക്ഷനിലുള്ളത്. മുമ്പ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമായി ലഭിച്ച ബൈക്കുകളും താരത്തിന്റെ കളക്ഷനെ സമ്പുഷ്ടമാക്കുന്നു.

അതേസമയം, ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങളിലാണ് ധോണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് മുന്‍ ചാമ്പ്യന്‍മാരുടെ അക്കൗണ്ടിലുള്ളത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ച് തിരിച്ചുവരാനും ചെന്നൈക്കായി.

ഏപ്രില്‍ എട്ടിനാണ് ചെന്നൈയുടെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈക്ക് നേരിടാനുള്ളത്.

Content highlight: RP Singh says he will MS Dhoni’s steal one of the bikes

We use cookies to give you the best possible experience. Learn more