| Monday, 7th August 2023, 8:39 pm

അവന് വരെ മനസിലായില്ല എന്താണ് റോളെന്ന്, ബോള്‍ ചെയ്യിപ്പിക്കായിരുന്നു; ഹര്‍ദിക്കിനെ വിമര്‍ശിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആര്‍.പി. സിങ്. ലെഫ്റ്റ് ഹാന്‍ഡ് ബൗളര്‍ അക്‌സര്‍ പട്ടേലിന് ഓവര്‍ കൊടുക്കാത്തതാണ് ആര്‍.പി. സിങ് ചോദ്യം ചെയ്തത്.

ബാറ്റിങ്ങില്‍ ഏഴാമനായി ഇറങ്ങിയ അക്‌സര്‍ പട്ടേല്‍ 14 റണ്‍സ് നേടിയപ്പോള്‍ ബൗളിങ്ങില്‍ ഒരോവര്‍ പോലും അദ്ദേഹത്തിന് ലഭിച്ചില്ല. ഓള്‍റൗണ്ടറായ അക്‌സറിന് ഒരോവര്‍ പോലും കൊടുക്കാതിരുന്ന ഹര്‍ദിക്കിന്റെ തീരുമാനത്തെയാണ് ആര്‍.പി.സിങ് ചോദ്യം ചെയ്തത്.

ടീമിലെ തന്റെ റോള്‍ എന്താണെന്ന് അക്‌സറിന് പോലും അറിയില്ലായിരുന്നും ലെഗ് സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനും രവി ബിഷ്ണോയിക്കും പിച്ചില്‍ നിന്ന് മികച്ച സഹായം ലഭിക്കുന്നത് കണ്ടെങ്കിലും അക്സറിന് പന്ത് കൈമാറാന്‍ പാണ്ഡ്യ ശ്രമിക്കേണ്ടതായിരുന്നുവെന്നും ജിയോ സിനിമയില്‍ സംസാരിക്കവെ ആര്‍.പി. സിങ് പറഞ്ഞു.

‘തന്റെ റോള്‍ എന്താണെന്ന് അക്‌സറിന് പോലും അറിയില്ല. അവന്‍ ബൗള്‍ ചെയ്യണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ മുന്നില്‍ രണ്ട് ഇടകയ്യന്‍ ബാറ്ററുകള്‍ ഉണ്ടെങ്കില്‍, ലെഫ്റ്റ് ഹാന്‍ഡര്‍മാര്‍ക്ക് ബൗള്‍ ചെയ്യാന്‍ കഴിയില്ല എന്നല്ല, എങ്ങനെ പന്തെറിയാനാകുമെന്ന് കണ്ടറിയണമായിരുന്നു. യുസി ചാഹലും ബിഷ്ണോയിയും ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റില്‍ സ്പിന്‍ കാണപ്പെട്ടിരുന്നു.

അക്‌സര്‍ എങ്ങനെ പന്തെറിയുമെന്ന് കാണേണ്ടതായിരുന്നു, പക്ഷേ അദ്ദേഹത്തിന് പന്ത് കൈമാറിയില്ല. നിങ്ങള്‍ അവനെ കളിപ്പിച്ചിട്ടും അവന് പന്ത് നല്‍കാത്തത് അവന് മോശമായാണ് ബാധിക്കുക. അതെ, നിക്കോളാസ് പൂരന്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു എങ്കിലും ഒരു ബൗളര്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക് അദ്ദേഹത്തിന് ഒരു ഓവര്‍ എങ്കിലും നല്‍കാമായിരുന്നു, മറ്റേ ബാറ്ററെ സ്ട്രൈക്കിലെത്തിച്ച് അദ്ദേഹത്തിന് ഡോട്ടുകള്‍ ഇടാമായിരുന്നു,’ ആര്‍.പി. സിങ് പറഞ്ഞു.

മത്സരത്തില്‍ ഒരുപാട് മണ്ടത്തരങ്ങള്‍ ഹര്‍ദിക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ചഹലിന് മൂന്ന് ഓവര്‍ മാത്രമേ ലഭിച്ചുള്ളായിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനം ലഭിച്ചിരുന്നു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്.

അതേസമയം തിലക് വര്‍മ കാണിച്ച പക്വതയും മികവും മറ്റ് താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ കാണിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിന്റെ രണ്ട് മത്സരത്തിലെയും തോല്‍വിയുടെ പ്രധാന കാരണം. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 ടാര്‍ഗറ്റ് ചെയ്‌സ് ചെയ്ത ഇന്ത്യ 145ല്‍ ഒതുങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 152 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് ഏഴ് പന്ത് ബാക്കി നില്‍ക്കെ ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു.

Content highlight: RP Singh Criticize Hardik Pandya for his captaincy agains West indies

We use cookies to give you the best possible experience. Learn more