ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിന മത്സരം ഇന്ത്യ വിജയിച്ചിരുന്നു. കെന്‍സിങ്ടണ്‍ ഓവലില്‍ വെച്ച് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ട ഇന്ത്യ അല്‍പം വിയര്‍ത്തിട്ടാണെങ്കിലും വിജയം സ്വന്തമാക്കുകയായിരുന്നു.
ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയത്. 23 ഓവര്‍ കളിച്ച വിന്‍ഡീസ് വെറും 114 റണ്‍സ് നേടി എല്ലാവരും പുറത്തായിരുന്നു. വിന്‍ഡീസ് നിരയില്‍ 43 റണ്‍സ് നേടിയ ഷായ് ഹോപ്പ് അല്ലാതെ മറ്റാരും തിളങ്ങിയില്ല. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റും സ്വന്തമാക്കിയരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ പ്രിന്‍സ് എന്നറിയപ്പെടുന്ന ഗില്ലിന് പക്ഷെ ഫോം കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ഒരുപാട് നാളായുള്ള മോശം പ്രകടനം അദ്ദേഹം ഈ മത്സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു.
വിരാടിന് പകരം സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് ഏകദിന മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ സൂര്യ ഈ ഏകദിനത്തില്‍ മത്സരത്തില്‍ 19 റണ്‍സ് നേടി പുറത്തായി.
കഴിഞ്ഞ ഒരുപാട് ഏകദിന മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്ത സൂര്യകുമാറിന് പകരം സഞ്ജു സാംസണെ മത്സരത്തില്‍ ഇറക്കണമെന്ന് നേരത്തെ തന്നെ വാദമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തില്‍ സഞ്ജുവിന് പകരം സൂര്യയെ തന്നെയായിരുന്നു ഇറക്കിയത്. ഇത് ആരാധകരുടെ നെറ്റി ചുളിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സൂര്യയെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ ആര്‍.പി.സിങ്. സൂര്യ നാലാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണമെന്നും അദ്ദേഹത്തിന് ഇനിയും അവസരം കൊടുക്കണമെന്നാണ് ആര്‍.പി.സിങ് പറഞ്ഞത്. ശ്രേയസ് അയ്യറിന് ഒരു മികച്ച ബാക്കപ്പ ഓപ്ഷനാണ് സൂര്യ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘സൂര്യകുമാര്‍ യാദവ്, ശ്രേയസിനൊപ്പം നാലാം നമ്പറിലേക്ക് നല്ല ഓപ്ഷനാണ്. നിങ്ങള്‍ അവനെ ഒരു ബാക്കപ്പ് ഓപ്ഷനായിപ്പോലും നോക്കുകയാണെങ്കില്‍, അദ്ദേഹത്തിന് ഗെയിം ടൈം നല്‍കേണ്ടത് പ്രധാനമാണ്, തീര്‍ച്ചയായും അവന്‍ ഒരു നല്ല തെരഞ്ഞെടുപ്പാണ്,’ ജിയോ സിനിമ സംഘടിപ്പിച്ച ഒരു ചര്‍ച്ചക്കിടെ ആര്‍.പി. സിങ് പറഞ്ഞു.
സൂര്യയുടെ ബാറ്റിങ് ശൈലിക്ക് നാലാം നമ്പറും അഞ്ചാം നമ്പറും പറ്റിയ പൊസിഷനാണെന്നും ആര്‍.പി. സിങ് കൂട്ടിച്ചേര്‍ത്തു.