| Thursday, 3rd October 2024, 8:29 am

രാജസ്ഥാനില്‍ സഞ്ജുവിന്റെ ഭാവിയെന്ത്? നിലനിര്‍ത്തുമോ, നിലനിര്‍ത്തിയാലും ക്യാപ്റ്റന്‍സി നല്‍കുമോ? സൂപ്പര്‍ താരം പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുമ്പ് നടക്കുന്ന മെഗാ താരലേലത്തിന്റെ ആവേശം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. ഓരോ ടീമും നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ കണക്കുകൂട്ടുന്നുണ്ട്.

ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ആരാധകക്കൂട്ടമായ ഹല്ലാ ബോല്‍ ആര്‍മിക്ക് കണക്കുകൂട്ടലുകളുണ്ട്. ക്യാപ്റ്റന്‍ സഞ്ജുവടക്കമുള്ളവരാകും രാജസ്ഥാന്റെ സ്‌ക്വാഡില്‍ തുടരുക എന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നുണ്ട്.

മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്നതില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും സ്റ്റാര്‍ പേസറുമായ ആര്‍.പി. സിങ്. രാജസ്ഥാന്‍ ഉറപ്പായും സഞ്ജു സാംസണെ നിലനിര്‍ത്തുമെന്നും ക്യാപ്റ്റന്‍സി അദ്ദേഹത്തിന് തന്നെ നല്‍കുമെന്നും മുന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ബൗളര്‍ വ്യക്തമാക്കി.

ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.പി. സിങ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി തന്നെ നിലനിര്‍ത്തും. രണ്ടാമന്‍ യശസ്വി ജെയ്‌സ്വാള്‍ തന്നെയായിരിക്കും. റിയാന്‍ പരാഗിനെ മൂന്നാമനായും ജോസ് ബട്‌ലറിനെ നാലാമനായും നിലനിര്‍ത്തും. ട്രെന്റ് ബോള്‍ട്ടോ യൂസ്വേന്ദ്ര ചഹലോ ആയിരിക്കും അഞ്ചാം താരം.

ബോള്‍ട്ട് (ട്രെന്റ് ബോള്‍ട്ട്) വളരെ മികച്ച ഓപ്ഷനാണ്, എന്നിരുന്നാലും ഞാന്‍ ചഹലിനൊപ്പമാണ്. ആര്‍.ടി.എം ഒരു ഓപ്ഷനായി നിലനില്‍ക്കുന്നുണ്ട്, പക്ഷേ ഒരു ബൗളര്‍ എന്ന നിലയില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച സന്ദീപ് ശര്‍മയെ അണ്‍ക്യാപ്ഡ് താരമായി നിലനിര്‍ത്തുക എന്നതാണ് രാജസ്ഥാന് കൂടുതല്‍ എളുപ്പമാവുക എന്നാണ് എനിക്ക് തോന്നുന്നത്,’ ആര്‍.പി. സിങ് വ്യക്തമാക്കി.

താരങ്ങളെ നിലനിര്‍ത്തുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എല്ലാ താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാന്‍ വേണ്ടത്ര തുകയും ടീമിനുണ്ടാകില്ല.

ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തണം, ലേലത്തില്‍ വിട്ട ശേഷം ഏതെല്ലാം താരങ്ങളെ തിരികെയെത്തിക്കണം എന്നത് സംബന്ധിച്ച് വളരെ വിശാലമായ ഓപ്ഷനുകളാണ് ടീമിന് മുമ്പിലുള്ളത്.

വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്റെ പേരാണ് ഇതില്‍ പ്രധാനം. അശ്വിനെ പോലെ ഒരു മാസ്റ്റര്‍ ടാക്ടീഷ്യന്റെ സേവനവും ഡ്രസ്സിങ് റൂമിലെ സാന്നിധ്യവും ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സിനെ തന്നെ എലവേറ്റ് ചെയ്യുമെന്നതിനാല്‍ താരത്തെ വിട്ടുകൊടുക്കാനും രാജസ്ഥാന്‍ ഒരുങ്ങില്ല.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ധ്രുവ് ജുറെല്‍, ആവേശ് ഖാന്‍ തുടങ്ങി രാജസ്ഥാന് മുമ്പില്‍ സൂപ്പര്‍ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഒക്ടോബര്‍ 31 ആണ് ഓരോ ടീമിനും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള അവസാന ദിവസം.

Content Highlight: RP Singh about Rajasthan Royals’ retention list before mega auction

We use cookies to give you the best possible experience. Learn more