| Saturday, 1st June 2024, 7:04 pm

അവര്‍ രണ്ട് പേരും ലോകകപ്പ് ഇലവനില്‍ വേണം; കിടിലന്‍ ടീം തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കാന്‍ തന്നെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയി ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാസംണും ഇടംപിടിച്ചിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബാറ്റര്‍ റോളില്‍ ഇന്ത്യയ്ക്ക് റിഷബ് പന്തും ഉള്ളതിനാല്‍ ആരെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നത് വ്യക്തമല്ല.

എന്നാല്‍ ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണെയും റിഷബ് പന്തിനെയും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ്. ഇരുവരുടേയും ബാറ്റിങ് കഴിവ് ഇന്ത്യക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് സിങ് പറഞ്ഞത്.

‘എന്റെ അഭിപ്രായത്തില്‍ സഞ്ജു സാംസണെയും പന്തിനെയും സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തണം. ഐ.പി.എല്‍ 2024ലെ സഞ്ജുവിന്റെ മികച്ച പ്രകടനം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ബാറ്റിങ് ഓപ്പണ്‍ ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലും പന്ത് അഞ്ചിലും ഹാര്‍ദിക് പാണ്ഡ്യ ആറിലും ഇറങ്ങുന്നത് മികച്ചതാണ്. അവസാന ടീം കോമ്പിനേഷന്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഈ ബാറ്റിങ് ലൈനപ്പ് ടീമിന് ഫലപ്രദമായ ഒന്നായിരിക്കും,’ സിങ് അഭിപ്രായപ്പെട്ടു.

അതേസമയം ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ഏവരും പ്രതീക്ഷയിലാണ്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ദ്രാവിഡ് ഫൈനലില്‍ എത്തിച്ചിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. 2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്.

Content Highlight: RP Sing Talking About Sanju Samson And Rishabh Pant

We use cookies to give you the best possible experience. Learn more