| Tuesday, 8th October 2019, 12:12 pm

'ആ രണ്ട് പേര്‍ക്ക് എല്ലാം അറിയാം'; കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്.

കൂടുതല്‍ ആളുകളെ വകവരുത്താന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണെന്നുമാണ് ജോളി മൊഴിയില്‍ പറയുന്നത്.

താന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊലപാതകം നടത്താനായി സഹായം ലഭിച്ചത് ആരില്‍ നിന്നാണെന്നും സയനൈഡിന്റെ കാര്യം ബന്ധുക്കള്‍ക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിനുമായിരുന്നു ജോളിയുടെ ഈ മറുപടി. റോയിയെ സയനൈഡ് നല്‍കി കൊന്നെന്നും ബാക്കിയുള്ളവരെ സ്‌ലോ പോയിസണ്‍ നല്‍കിയാണ് കൊന്നതെന്നും ബന്ധുക്കളില്‍ രണ്ട് പേര്‍ക്ക് സയനൈഡ് നല്‍കിയാണ് കൊല നടത്തിയെന്ന കാര്യം അറിയാമായിരുന്നുവെന്നുമാണ് ജോളി മൊഴി നല്‍കിയത്.

റോയിയുടെ അഞ്ച് ബന്ധുക്കളെ കേന്ദ്രീകരിച്ച് നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. ജോളിക്ക് സൗഹൃദമുണ്ടായിരുന്ന ബന്ധുക്കളാണ് ഇവര്‍. ഇവരില്‍ രണ്ടുപേര്‍ക്കാണ് മരണം സംബന്ധിച്ച് വ്യക്തമായി ധാരണയുണ്ടായത്. ഇവര്‍ ഗൂഢാലോചന നടത്തിയത് എന്‍.ഐ.ടിക്കടുത്തുള്ള വീട്ടില്‍ നിന്നാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പൊലീസ് തെളിവുകള്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.

മാത്രമല്ല അറസ്റ്റിന് മുന്‍പ് തന്നെ ജോളിക്ക് നിയമസഹായം ലഭിച്ചിരുന്നു. ആരാണ് ഇതിന് മുന്‍കൈ എടുത്തതെന്ന അന്വേഷണം പൊലീസ് നടത്തിയപ്പോള്‍ ജോളിയുമായി അടുത്ത ബന്ധമുള്ള ചില ബന്ധുക്കളിലേക്ക് തന്നെയാണ് അന്വേഷണം എത്തിയത്.

ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട് ഇവരില്‍ ഒരാളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അടുത്തിടെ വരെ സംശയിക്കുന്നവരുടെ പട്ടികയില്‍ ഇല്ലാത്ത ആളുടെ പേരാണ് ജോളി മൊഴിയില്‍ നല്‍കിയത് എന്നാണ് അറിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നും നാളെയുമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇവരെക്കുറിച്ചുള്ള ഒരു സൂചനയും നല്‍കരുതെന്ന് റോയിയുടെ സഹോദരങ്ങളായ റോജോയോടും റെഞ്ചിയോടും പൊലീസ് പറഞ്ഞിട്ടുണ്ട്.

ജോളിയുടെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് നാളെ കോടതിയില്‍ അപേക്ഷ സമര്‍ക്കും. ഇതിന് മുന്നോടിയായി കൃത്യമായ തെളിവുകള്‍ ശേഖരിച്ച് മുഴുവന്‍ പേരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

We use cookies to give you the best possible experience. Learn more