കെ.സി.എ പ്രസിഡന്റ്‌സ് കപ്പുയര്‍ത്തി റോല്‍സ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ലയണ്‍സിനെ 10 റണ്‍സിന് മറികടന്നാണ് റോയല്‍സ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. റോയല്‍സിന്റെ ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലായിരുന്നു റോയല്‍സിന്റെ വിജയം. ജോബിന്‍ ജോബിയുടെ ഓള്‍ റൗണ്ട് മികവും, നിഖില്‍ തോട്ടത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സും തുണയായപ്പോള്‍ ക്യാപ്റ്റന്റെ അഖില്‍ സ്‌കറിയ റോയല്‍സിനെ മുന്നില്‍ നിന്ന് നയിച്ചു.
മറുവശത്ത് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് തിരിച്ചു കയറിയ ലയണ്‍സ് കടുത്തൊരു പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. ഓപ്പണര്‍ വിപുല്‍ ശക്തിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ജോബിന്‍ ജോബിയും റിയ ബഷീറും ചേര്‍ന്ന് റോയല്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്.
20 റണ്‍സിന് പുറത്തായ റിയ ബഷീറിന് പകരമെത്തിയ ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയയാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. 38 പന്തുകളില്‍ 11 ഫോറുകളടക്കം അഖില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. ജോബിന്‍ 34 പന്തുകളില്‍ 54 റണ്‍സെടുത്തു. വെറും 18 പന്തുകളില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുമടക്കം 42 റണ്‍സെടുത്ത നിഖില്‍ തോട്ടത്തിന്റെ പ്രകടനവും കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ റോയല്‍സിനെ സഹായിച്ചു. ലയണ്‍സിന് വേണ്ടി ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തി.
മറുപടി ബാറ്റങ്ങിന് ഇറങ്ങിയ ലയണ്‍സിന് എട്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ അര്‍ജുന്‍ എ.കെയും ആല്‍ഫി ഫ്രാന്‍സിസും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ ലയണ്‍സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു. അര്‍ജുന്‍ 48 പന്തുകളില്‍ 77 റണ്‍സ് നേടിയപ്പോള്‍ ആല്‍ഫി 19 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകളുമായി അര്‍ജുനൊപ്പം ചേര്‍ന്ന ഷറഫുദ്ദീനും ലയണ്‍സിന് പ്രതീക്ഷ നല്കി.
എന്നാല്‍ 19ാം ഓവറില്‍ അര്‍ജുന്‍ പുറത്തായത് ലയണ്‍സിന് തിരിച്ചടിയായി. ലയണ്‍സിന്റെ മറുപടി ഏഴ് വിക്കറ്റിന് 198 റണ്‍സില്‍ അവസാനിച്ചു. ഷറഫുദ്ദീന്‍ 20 പന്തുകളില്‍ നിന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്നു. റോയല്‍സിന് വേണ്ടി വിനില്‍ ടി.എസും ജോബിന്‍ ജോബിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടൂര്‍ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ജോബിന്‍ ജോബിയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും ജോബിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗോവിന്ദ് ദേവ് പൈയാണ് മികച്ച ബാറ്റര്‍. മികച്ച ബൗളറായി അഖിന്‍ സത്താറും തെരഞ്ഞെടുക്കപ്പെട്ടു
Content Highlight: Royals win KCA President’s Cup