വിൻഫ്രിയോട് ഹാരിയും മേഗനും മനസുതുറക്കുന്നതിന് മുൻപ് ശ്രദ്ധ തിരിക്കാൻ ഒറ്റകെട്ടായി രാജകുടുംബം; ചാൾസ് രാജകുമാരനും രാജ്ഞിയും വില്ല്യമും കെയ്റ്റും മുൻനിരയിൽ
ലണ്ടൻ: പ്രശസ്ത മാധ്യമപ്രവർത്തക ഒപ്രാ വിൻഫ്രിയുമായുള്ള പ്രിൻസ് ഹാരിയുടെയും മേഗന്റെയും അഭിമുഖം സംപ്രക്ഷേണം ചെയ്യുന്നതിന് മുൻപേ ശ്രദ്ധതിരിക്കാൻ ഒറ്റകെട്ടായി ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ. ഹാരിയുടെ മേഗന്റെയും ഒപ്രാ വിൻഫ്രി ഷോയിൽ നിന്നും ശ്രദ്ധ തിരിക്കാൻ രാജകുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും ചേർന്ന് മറ്റൊരു പ്രത്യേക പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയിൽ ബ്രിട്ടനിൽ മുന്നിട്ട് നിന്ന് പ്രവർത്തിച്ച ഡോക്ടർമാരെയും നഴ്സുമാരെയും അഭിനന്ദിക്കാനാണ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചാൾസ് രാജകുമാരൻ, കമില, വില്ല്യം, കെയ്റ്റ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
രാജകുടുംബത്തിൽ നിന്ന് പുറത്തുപോയ പ്രിൻസ് ഹാരിയും, ഭാര്യ മേഗനും രാജുകുടുംബവും തമ്മിലുള്ള തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നതിനിടയിലാണ് വീണ്ടും പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങൾ കടക്കുന്നത്. അതിനിടെ രാജകുടുംബത്തിലെ ജീവനക്കാരെ മേഗൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബക്കിംഗ്ഹാം കൊട്ടാരം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ വിവാദത്തിലായ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നൽകിയ കമ്മലുകൾ മേഗൻ ധരിച്ചു എന്ന് പറയുന്ന വിമർശനങ്ങളും ഈ ആഴ്ച പുറത്തു വന്നിരുന്നു.
കൊവിഡ് മഹാമാരി നേരിടുന്നതിൽ ബ്രിട്ടൻ കാണിച്ച അസാമാന്യ ധീരതയെക്കുറിച്ച് പരിപാടിയിൽ ചാൾസ് രാജകുമാരൻ സംസാരിക്കും എന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിൽ നിന്ന് പുറത്ത് വന്നതിന് ശേഷം പ്രിൻസ് ഹാരിയും മേഗനും ആദ്യമായി സംസാരിക്കുന്നത് ഒപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിലാണ്. സി.ബി.എസിലാണ് പരിപാടി സംപ്രക്ഷേണം ചെയ്യുക. ഇതിനോടകം തന്നെ അഭിമുഖത്തിന്റെ ട്രെയ്ലർ വൈറലായി കഴിഞ്ഞു.