ന്യുദല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദം ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ഇത്തവണത്തെ ഐ.പി.എല്‍ മാമാങ്കത്തില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സണ്‍റൈസസ് ഹൈദരാബാദിനും രാജസ്ഥാന്‍ റോയല്‍സിനുമായിരുന്നു. ഐ.പി.എല്ലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീമൊക്കെ സെറ്റാക്കി പരിശീലനത്തിനിറങ്ങാന്‍ നേരമാണ് അപ്രതീക്ഷിതമായി പന്ത് ചുരണ്ടല്‍ വിവാദം വരുന്നതും വാര്‍ണറിനും സ്മിത്തിനുമെതിരെ നടപടി ഉണ്ടാകുന്നതും.
എന്നാല്‍ കരുത്തരായ ഈ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തിയിരിക്കുകയാണ് ഇരു ടീമുകളും. രാജസ്ഥാന്‍ റോയല്‍സ് താരം സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിക് ക്ലാസന്‍ എത്തുമ്പോള്‍ വാര്‍ണര്‍ക്കു പകരം ഇംഗ്ലീഷ് താരം അലക്സ് ഹെയ്ല്‍സ് ഹൈദരാബാദിലുമെത്തും. ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച താരങ്ങളാണ്.
Read Also : രണ്ടും കല്‍പ്പിച്ച് പഞ്ചാബ്; വീരു വീണ്ടും ഐ.പി.എല്‍ കളത്തിലേക്ക്; ഞെട്ടിത്തരിച്ച് ആരാധകര്‍
2015ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐ.പി.എല്ലില്‍ അരങ്ങേറ്റം നടത്തിയ ഹെയ്ല്‍സിന് ഒരു കോടി രൂപയാണ് പുതിയ സീസണില്‍ ലഭിക്കുക. ബിഗ് ബാഷ് ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ കളിച്ചു പരിചമുള്ള ഹെയില്‍സ് സണ്‍ റൈസേഴ്സ് ഹൈദരാബാദിന് മുതല്‍ക്കൂട്ടാകും. 174 ടി20 മത്സരങ്ങളില്‍ നിന്നായി 4,704 റണ്‍സ് നേടിയ ഹെയ്ല്‍സ് ടി20യില്‍ സെഞ്ച്വറി നേടിയ ഏക ഇംഗ്ലീഷ് താരം കൂടിയാണ്.
രാജസ്ഥാനില്‍ സ്മിത്തിന് പകരമെത്തുന്ന ക്ലാസന്‍ ആകട്ടെ അടുത്തിടെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലൂടെയാണ് ശ്രദ്ധേയനായത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ക്ലാസന്‍ നടത്തിയ വെടിക്കെട്ട് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ക്ലാസെന്‍ രാജസ്ഥാനിലെത്തുന്നത്.
അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം കിട്ടിയാതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹെയ്ല്‍സ് വ്യക്തമാക്കി.
11ാം എഡിഷന്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഏപ്രില്‍ ഏഴിനാണ് തുടക്കമാവക. വാങ്കഡെ സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. 9 വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. 51 ദിവസമാണ് മത്സരങ്ങള്‍ ഉള്ളത്.
മേയ് 27ന് വാങ്കഡെ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനലും. 12 മത്സരങ്ങള്‍ വൈകിട്ട് 4ന് തുടങ്ങും. 48 മത്സരങ്ങള്‍ രാത്രി 8 മണിക്ക് തുടങ്ങും
ചെന്നൈയിലും ജയ്പൂരിലും ഇക്കുറി മത്സരങ്ങള്‍. പഞ്ചാബ് കിംഗ്‌സിന്റെ മൂന്ന് ഹോം മാച്ചുകള്‍ ഇന്‍ഡോറില്‍, നാലെണ്ണം മൊഹാലിയില്‍.
Breaking news: Alex Hales, the hard hitting English batsman has joined the #OrangeArmy ! pic.twitter.com/6j4kuSCuXa
— SunRisers Hyderabad (@SunRisers) March 31, 2018