മെസിയെ ലാലിഗയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്
football news
മെസിയെ ലാലിഗയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th April 2023, 11:54 pm

ലയണല്‍ മെസിയെ ലാലിഗയിലേക്ക് തിരികെ കൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്. ബാഴ്സ മെസിയെ സൈന്‍ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിക്കാത്ത ഹാവിയര്‍ ടെബാസ്, എന്നാല്‍ താരത്തെ ലാ ലിഗയില്‍ തിരികെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു.

‘ലാലിഗയില്‍ തിരിച്ചെത്തിയാല്‍ ഇരുകൈകളും നീട്ടി മെസിയെ സ്വീകരിക്കും.
ലിയോ മെസിക്കെതിരെ കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിരുന്നു. പക്ഷേ അത് ഭാഗ്യമാണോ ദൗര്‍ഭാഗ്യമാണോ എന്ന് എനിക്കറിയില്ല. മെസി അതുല്യനും ഗംഭീരനും അതിശയകരവുമായ കളിക്കാരനാണ്. ഏത് ടീമില്‍ എന്നല്ല, അദ്ദേഹം ലാലിഗയിലെക്ക് തിരിച്ചെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലിയോ മെസി ലോക ഫുട്‌ബോളില്‍ അതുല്യനാണ്. ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു,’ ലൂയിസ് റൂബിയാലെസ് പറഞ്ഞു.

ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് ബാഴ്‌സയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓര്‍മിപ്പിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ
റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവരുന്നത്.

2023 ജൂണിലാണ് പി.എസ്.ജിയുമായുള്ള അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്ത സീസണില്‍ പഴയതട്ടകമായ ബാഴ്‌സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് മെസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്നെ തുടരുമെന്നും ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതായും ഈ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Royal Spanish Football Federation president Luis Rubiales says he wants Lionel Messi back in LaLiga