| Thursday, 15th August 2024, 5:15 pm

നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക് വന്ന കളി; ഇംഗ്ലണ്ട് ടീമിനെ വിജയിപ്പിച്ചതും ഇന്ത്യന്‍ കരുത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ വണ്‍ ഡേ കപ്പില്‍ വോസ്റ്റര്‍ഷയെറിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ലങ്കാഷെയര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ലങ്കാഷെയറിന്റെ വിജയം. ലങ്കാഷെയര്‍ ഉയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വോസ്റ്റര്‍ഷെയറിന് 234 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യരിന്റെ കരുത്തിലാണ് ലങ്കാഷെയര്‍ വിജയം സ്വന്തമാക്കിയത്.

അവസാന രണ്ട് ഓവറില്‍ 16 റണ്‍സായിരുന്നു വോസ്റ്റര്‍ഷെയറിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റും കയ്യിലുണ്ട്. 49ാം ഓവര്‍ പന്തെറിയാന്‍ ക്യാപ്റ്റന്‍ ജോഷ് ബോഹാനന്‍ അയ്യരിനെ പന്തേല്‍പിച്ചു.

ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്നുമായി പത്ത് റണ്‍സാണ് വോസ്റ്റര്‍ഷെയര്‍ സ്വന്തമാക്കിയത്. നാലാം പന്തില്‍ രണ്ട് റണ്‍സ് കൂടി പിറന്നതോടെ എട്ട് പന്തില്‍ വിജയിക്കാന്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

ഓവറിലെ അഞ്ചാം പന്തില്‍ ക്രീസില്‍ നിലയുറപ്പിച്ച ടോം ഹിന്‍ലിയെ ഹാരി സിങ്ങിന്റെ കൈകളിലെത്തിച്ച് അയ്യര്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ വോസ്റ്റര്‍ഷെയറിന്റെ അവസാന ബാറ്ററെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയതോടെ മൂന്ന് റണ്‍സിന്റെ ത്രില്ലിങ് വിജയം ലങ്കാഷെയര്‍ സ്വന്തമാക്കി.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കാഷെയര്‍ ക്യാപ്റ്റന്‍ ജോഷ് ബോഹാനന്റെയും ജോര്‍ജ് ബാള്‍ഡര്‍സണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്. ബോഹാനന്‍ 123 പന്തില്‍ 87 റണ്‍സ് നേടിയപ്പോള്‍ 44 പന്തില്‍ 50 റണ്‍സ് നേടി ബാള്‍ഡര്‍സണ്‍ പുറത്തായി. 42 പന്തില്‍ 25 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

അവസാന ഓവറിലെ അവസാന പന്തില്‍ ചാര്‍ളി ബര്‍ണാര്‍ഡ് റണ്‍ ഔട്ടായി പുറത്താകുമ്പോള്‍ 237 റണ്‍സാണ് ലങ്കാഷെയറിന്റെ പേരിലുണ്ടായിരുന്നത്.

വോസ്റ്റര്‍ഷെയറിനായി ടോം ഹിന്‍ലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടോം ടെയ്‌ലറും ഹാരി ഡാര്‍ലിയും രണ്ട് വിക്കറ്റ് വീതും സ്വന്തമാക്കി. ഈഥന്‍ ബ്രൂക്‌സാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ജേക് ലിബ്ബിയുടെയും ടോം ടെയ്‌ലറിന്റെയും കരുത്തില്‍ വോസ്റ്റര്‍ഷെയര്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും ലങ്കാഷെയര്‍ മൂന്ന് റണ്‍സകലെ എതിരാളികളെ തളച്ചിട്ടു.

ജേക് ലിബ്ബി 104 പന്തില്‍ 83 റണ്‍സ് നേടി. 57 പന്തില്‍ 41 റണ്‍സാണ് ടോം ടെയ്‌ലര്‍ സ്വന്തമാക്കിയത്.

ലങ്കാഷെയറിനായി ചാര്‍ളി ബര്‍ണാര്‍ഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ബോയ്ഡനും വെങ്കിടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം നേടി. വില്‍ വില്യംസ്, ജോര്‍ജ് ബാള്‍ഡര്‍സണ്‍, ഹാരി സിങ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്.

സീസണില്‍ ടീമിന്റെ രണ്ടാം വിജയമാണിത്. എട്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ലങ്കാഷെയര്‍ ഫിനിഷ് ചെയ്തത്.

Content highlight: Royal London One Day Cup: Lancashire defeated Worcestershire

We use cookies to give you the best possible experience. Learn more