വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാരിന്റെ മോഡല്‍ പാര്‍ലമെന്റിലെ സെഷന്‍ നയിക്കാന്‍ 'രാജ കുടുംബാംഗം'; വിമര്‍ശനം
Kerala News
വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാരിന്റെ മോഡല്‍ പാര്‍ലമെന്റിലെ സെഷന്‍ നയിക്കാന്‍ 'രാജ കുടുംബാംഗം'; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2023, 12:43 pm

തിരുവനന്തപുരം: യൂത്ത്-മോഡല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ത്രിദിന ക്യാമ്പില്‍ അതിഥിയായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ ക്ഷണിച്ചതിനെതിരെ വിമര്‍ശനം. സംസ്ഥാനത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളേയും കുറിച്ച് അവബോധമുണ്ടാക്കാനാണ് പദ്ധതി.

എന്നാല്‍ ജനാധിപത്യത്തിന് ഊന്നല്‍ നല്‍കുന്ന ചടങ്ങില്‍ മുന്‍ രാജകുടുംബാഗത്തെ ക്ഷണിച്ചത് എന്തിനായിരുന്നുവെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം.

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയില്‍ ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ നില്‍ക്കുന്നവരുമായായിരിക്കണം കുട്ടികള്‍ സംവദിക്കേണ്ടത്. എന്നാല്‍ രാജകുടുംബാംഗം ജനാധിപത്യ ബോധ്യത്തില്‍ നിന്നുകൊണ്ട് കുട്ടികളുമായി എങ്ങനെ ആശയവിനിമയം നടത്തുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരുടെ സെഷനുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അശ്വതി തിരുനാളിന് എഴുത്തുകാരി എന്നതിന് പകരം തിരുവിതാംകൂര്‍ രാജകുടുംബാംഗം എന്ന വിശേഷണമാണ് പോസ്റ്ററില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. രാജകുടുംബാംഗമായത് പാര്‍ലമെന്ററി കാര്യ പരിപാടിയില്‍ പങ്കെടുക്കാനുള്ള മാനദണ്ഡമായോ എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഫെബ്രുവരി 15,16,17 തീയതികളില്‍ തിരുവനന്തപുരം ഐ.എം.ജിയില്‍ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. ഫെബ്രുവരി 15ന് പഴയ നിയമസഭാ ഹാളില്‍ നടന്ന ചടങ്ങ് പാര്‍ലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി.പി. ജോയ് ഐ.എ.എസ്, കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കേരള ഫോക്‌ലോര്‍, സംഗീത-നാടക അക്കാദമി അംഗം അഡ്വ. പ്രദീപ് പാണ്ടനാട്, മാധ്യമപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ജോണ്‍ ബ്രിട്ടാസ്, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ മേധാവി ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Content Highlight: Royal family member attends government aided program in trivandrum