| Saturday, 3rd August 2019, 10:15 pm

റോയല്‍ എന്‍ഫീല്‍ഡിനും കച്ചവടമില്ല; മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുമായി ബുള്ളറ്റ് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായ പതിസന്ധി റോയല്‍ എന്‍ഫീല്‍ഡിനെയും പിടികൂടി. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് കഴിഞ്ഞ മാസം കമ്പനി നടത്തിയത്. ഇതിന് മുമ്പ് 2016 മെയ് മാസത്തിലാണ് ഇതേ രീതിയില്‍ വില്‍പ്പന നടത്തിയത്.

കഴിഞ്ഞ മാസം 50000ല്‍ താഴെ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 48,604 ബൈക്കുകളാണ് ആകെ വിറ്റത്. 2018 ജൂലൈയില്‍ 67,001 ബൈക്കുകളാണ് കമ്പനി പുറത്തിറക്കിയത്. 27 ശതമാനം വില്‍പ്പന കുറഞ്ഞു.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വില്‍പ്പനയില്‍ 19 ശതമാനമാണ് കുറവ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ വില്‍പ്പനയേക്കാള്‍ 22 ശതമാനം കുറവ്.

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം അതീവ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ബജാജ് ഗ്രൂപ്പിന്റെ രാഹുല്‍ ബജാജ് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വാഹന നയം അവ്യക്തതകള്‍ നിറഞ്ഞതാണ്. വാഹന വ്യവസായ രംഗത്ത് ഡിമാന്റും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇങ്ങനെ പോയാല്‍ വളര്‍ച്ച എവിടെ നിന്ന് വരും. അത് ആകാശത്ത് നിന്നു പൊട്ടിവീഴില്ലെന്നായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

മോദി സര്‍ക്കാര്‍ നേരിടുന്നത് പുതിയ പ്രശ്‌നം; കോര്‍പ്പറേറ്റുകളും വ്യവസായികളും ദേഷ്യത്തില്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റുകളും വ്യവസായികളും നരേന്ദ്രമോദിക്ക് പിന്നിലാണ് അണിനിരന്നത്. 2017-2018ല്‍ കോര്‍പ്പറേറ്റ് രാഷ്ട്രീയ ധനസഹായത്തിന്റെ സിംഹഭാഗവും ബി.ജെ.പിക്കാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ അല്‍പ്പം ദേഷ്യത്തിലാണ്.

ദേഷ്യം പിടിച്ച കോര്‍പ്പറേറ്റുകളുടെ പട്ടികയില്‍ അവസാനം ഇടം പിടിച്ചത് ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥനായ രാഹുല്‍ ബജാജാണ്. തന്റെ കമ്പനിയുടെ വാര്‍ഷിക യോഗത്തിലാണ് മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ബജാജ് പൊട്ടിത്തെറിച്ചത്. നിര്‍ജ്ജീവാവസ്ഥയിലായ ഓട്ടോമൊബൈല്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെ ചൊല്ലിയാണ് രാഹുല്‍ ബജാജിന്റെ രോഷം.

കേന്ദ്രസര്‍ക്കാരിന്റെ വാഹന നയം അവ്യക്തതകള്‍ നിറഞ്ഞതാണ്. വാഹന വ്യവസായ രംഗത്ത് ഡിമാന്റും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇങ്ങനെ പോയാല്‍ വളര്‍ച്ച എവിടെ നിന്ന് വരും. അത് ആകാശത്ത് നിന്നു പൊട്ടിവീഴില്ലെന്നായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

ഇതിന് മുമ്പ് ഗോദ്‌റെജ് ഗ്രൂപ്പിന്റെ ആദി ഗോദ്‌റെജ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വര്‍ധിക്കുന്ന അസഹിഷ്ണുത, സാമൂഹ്യ അസമത്വം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, സചാദാര പൊലീസ്, മതത്തെയും ജാതിയെയും അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങള്‍, മറ്റ് തരത്തിലുള്ള അസഹിഷ്ണുത എന്നിവയൊക്കെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നായിരുന്നു ആദി ഗോദ്റെജിന്റെ വിമര്‍ശനം.

അത്ര ശുഭകരമായ ചിത്രമല്ല ഇപ്പോഴുള്ളത്. രാജ്യത്തെ ശക്തമായി ക്ഷീണിപ്പിക്കുന്ന കാര്യങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതും അത് മുന്നോട്ട് പോകുന്ന വളര്‍ച്ചയെ തടയുകയും നമ്മുടെ ശക്തിയെ മനസിലാക്കുന്നത് തടയുകയും ചെയ്യുന്നത് ഒരാള്‍ക്ക് കാണാതെ പോവാനാവില്ലെന്നും ആദി ഗോദ്‌റെജ് പറഞ്ഞിരുന്നു.

ഓഹരി വിപണിയും വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോവുന്നത്. 17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജൂലായ് മാസത്തില്‍ ഓഹരി വിപണി ഇത്രയും മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്നത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തെ വിദേശ നിക്ഷേപം വളര്‍ച്ച നേടിയെന്ന് അവകാശപ്പെട്ട് ട്വീറ്റ ചെയ്തിരുന്നു. ആ ട്വീറ്റിനോടുള്ള വ്യവസായികളുടെ പ്രതികരണം രാജ്യത്തെ വ്യവസായ അന്തരീക്ഷം വളരെ മോശമാണെന്നാണ്.

2016ല്‍ മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ പോലും കോര്‍പ്പറേറ്റുകള്‍ അതിനോട് പ്രതിഷേധിക്കാതെ പിന്തുണക്കുകയാണ് ചെയ്തത്. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ ഇപ്പോഴത്തെ നീക്കം മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ്.

We use cookies to give you the best possible experience. Learn more